പത്മനാഭസ്വാമി ക്ഷേത്രം: ക്രമക്കേടുകൾ നടന്നിട്ടില്ലെന്ന് മൂലം തിരുനാൾ

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം അമിക്കസ്ക്യൂറി ഗോപാൽ സുബ്രഹ്മണ്യത്തിനെതിരെ ക്ഷേത്രം ട്രസ്റ്റി മൂലം തിരുനാൾ രാമവർമ്മയുടെ സത്യവാങ്മൂലം. ക്ഷേത്രത്തിൽ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന അമിക്കസ്ക്യൂറിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും രാമവർമ സുപ്രീംകോടതിയിൽ വ്യക്തമാക്കി.
 | 
പത്മനാഭസ്വാമി ക്ഷേത്രം: ക്രമക്കേടുകൾ നടന്നിട്ടില്ലെന്ന് മൂലം തിരുനാൾ

 

ന്യൂഡൽഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രം അമിക്കസ്‌ക്യൂറി ഗോപാൽ സുബ്രഹ്മണ്യത്തിനെതിരെ ക്ഷേത്രം ട്രസ്റ്റി മൂലം തിരുനാൾ രാമവർമ്മയുടെ സത്യവാങ്മൂലം. ക്ഷേത്രത്തിൽ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന അമിക്കസ്‌ക്യൂറിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും രാമവർമ സുപ്രീംകോടതിയിൽ വ്യക്തമാക്കി.

മുൻ സി.എ.ജി വിനോദ് റായിയുടെ ഓഡിറ്റ് റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കണമെന്നും സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മൂലംതിരുനാൾ ആവശ്യപ്പെട്ടു. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ തയാറാണെന്നു കാണിച്ച് സംസ്ഥാന സർക്കാരും സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി.

കേസിൽ തിരുവിതാംകൂർ രാജകുടുംബത്തെ അപകീർത്തിപ്പെടുത്തിയിട്ടില്ലെന്ന് അമിക്കസ്‌ക്യൂറി വ്യക്തമാക്കിയിരുന്നു. രാജകുടുംബത്തെ അപകീർത്തിപ്പെടുത്തുന്നതല്ല തന്റെ റിപ്പോർട്ടെന്നും തനിക്ക് പത്മനാഭനെ മാത്രമേ മാനിക്കേണ്ടതുള്ളുവെന്നും ഗോപാൽ സുബ്രഹ്മണ്യം നേരത്തേ പറഞ്ഞിരുന്നു. തിരുവിതാംകൂർ രാജകുടുംബത്തേയും സംസ്ഥാന സർക്കാരിനേയും പ്രതികൂട്ടിൽ നിർത്തുന്നതാണ് ഈ റിപ്പോർട്ടെന്ന് ആക്ഷേപമുണ്ടായിരുന്നു.