കോവിഡ് കണക്കുകള്‍ തെറ്റിച്ചെന്ന കേസ്; ശ്രീകണ്ഠന്‍ നായര്‍ക്ക് മുന്‍കൂര്‍ ജാമ്യം

ചര്ച്ചാ പരിപാടിയില് കോവിഡ് കണക്കുകള് തെറ്റായി ചിത്രീകരിച്ചുവെന്ന കേസില് ശ്രീകണ്ഠന് നായര്ക്ക് മുന്കൂര് ജാമ്യം നല്കി ഹൈക്കോടതി.
 | 
കോവിഡ് കണക്കുകള്‍ തെറ്റിച്ചെന്ന കേസ്; ശ്രീകണ്ഠന്‍ നായര്‍ക്ക് മുന്‍കൂര്‍ ജാമ്യം

ചര്‍ച്ചാ പരിപാടിയില്‍ കോവിഡ് കണക്കുകള്‍ തെറ്റായി ചിത്രീകരിച്ചുവെന്ന കേസില്‍ ശ്രീകണ്ഠന്‍ നായര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കി ഹൈക്കോടതി. കോവിഡ് കണക്കുകള്‍ ജനങ്ങളില്‍ ഭീതിയുളവാക്കുന്ന വി ധത്തില്‍ തെറ്റായി അവതരിപ്പിച്ചുവെന്നായിരുന്നു കേസ്. ശ്രീകണ്ഠന്‍ നായര്‍ ഷോ എന്ന പരിപാടിയില്‍ അതിഥിയായിരുന്ന ഡോ.ഷിനു ശ്യാമളനും അവതാരകന്‍ ശ്രീകണ്ഠന്‍ നായര്‍ക്കുമെതിരെയായിരുന്നു പരാതി ഉയര്‍ന്നത്.

അവിടെയുമിവിടെയും കേട്ടതും ഗോസിപ്പുകളും പ്രചരിപ്പിക്കുകയല്ല മാധ്യമപ്രവര്‍ത്തകരുടെ പണി എന്ന് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചുകൊണ്ട് പറഞ്ഞു. എന്തും പ്രസിദ്ധീകരിക്കുന്നതല്ല ജേണലിസം. എന്ത് പ്രസിദ്ധീകരിക്കണം, എന്ത് വേണ്ട എന്ന കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ യുക്തിപൂര്‍വം തീരുമാനമെടുക്കണം. സത്യം പറയലാണ് മാധ്യമപ്രവര്‍ത്തകരുടെ പണി. പ്രസിദ്ധീകരിക്കുന്നത്, പറയുന്നത് വസ്തുതയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉറപ്പുവരുത്തണം.

ഒരു വ്യക്തിയുടേയോ ഒരു വിഭാഗം ജനങ്ങളുടേയോ പ്രതിച്ഛായയെ മോശമാക്കാന്‍ ഉദ്ദേശിച്ചുള്ളതാകരുത് അത്. തെറ്റായ വാര്‍ത്തകള്‍ പിന്നീട് തിരുത്തിയാലും ഖേദം പ്രകടിപ്പിച്ചാലും അത് ജനങ്ങള്‍ കണ്ടോളണം എന്നില്ല. അതുകൊണ്ട് വളരെ ശ്രദ്ധയോടെ വേണം മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കാന്‍. ഏത് മാധ്യമത്തിലായാലും വാര്‍ത്ത കൊടുത്തു കഴിഞ്ഞാല്‍ പിന്നെ അത് തിരിച്ചെടുക്കാനാവില്ല. ജേര്‍ണലിസ്റ്റുകള്‍ അവിടെയും ഇവിടെയും കേള്‍ക്കുന്ന അപവാദങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും പിന്നാലെ പോകരുതെന്നും കോടതി പറഞ്ഞു.

ഐപിസി സെക്ഷന്‍ 505(1)(b), കേരള പൊലീസ് ആക്ട് 120(0) എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. ഇരുവരും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇരുവരും ശ്രമിച്ചുവെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.