ശബരിമല യുവതീ പ്രവേശന വിധിയില്‍ സ്റ്റേയില്ല; നിയമ നടപടികള്‍ ഇനിയും നീളും

ശബരിമലയില് യുവതികള്ക്ക് പ്രവേശിക്കാമെന്ന വിധിയില് പുനഃപരിശോധന അനുവദിച്ചെങ്കിലും അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് സ്റ്റേയില്ല.
 | 
ശബരിമല യുവതീ പ്രവേശന വിധിയില്‍ സ്റ്റേയില്ല; നിയമ നടപടികള്‍ ഇനിയും നീളും

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന വിധിയില്‍ പുനഃപരിശോധന അനുവദിച്ചെങ്കിലും അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് സ്‌റ്റേയില്ല. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ശബരിമലക്കേസ് ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടത്. എന്നാല്‍ യുവതീ പ്രവേശന വിഷത്തില്‍ ലഭിച്ച പുനഃപരിശോധനാ ഹര്‍ജികളില്‍ കോടതി തീരുമാനം എടുത്തിട്ടില്ല. നിലവിലുള്ള യുവതീ പ്രവേശന വിധിക്ക് കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

വിധി പ്രസ്താവത്തില്‍ ഇക്കാര്യം കോടതി പരാമര്‍ശിച്ചില്ല. വിഷയത്തില്‍ തീരുമാനം എടുക്കുന്ന കാര്യവും വ്യക്തമാക്കിയിട്ടില്ല. യുവതീ പ്രവേശന വിധിക്കെതിരെ 56 ഹര്‍ജികളാണ് കോടതിയില്‍ ലഭിച്ചത്. ഇവ പരിഗണിച്ച കോടതി ആചാരങ്ങള്‍ പുലര്‍ത്താന്‍ അവകാശമുണ്ടെന്ന് അഭിപ്രായപ്പെട്ടു. മതത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കിയ കോടതി മുസ്ലീം സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം അനുവദിക്കുന്നതുമായും പാര്‍സി സ്ത്രീകള്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കുന്നതുമായും ഇതിന് ബന്ധമുണ്ടെന്ന് അഭിപ്രായപ്പെട്ടു.

ഇത്തരം വിഷയങ്ങള്‍ ഉയര്‍ന്ന ബെഞ്ചാണ് പരിഗണിക്കേണ്ടതെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏഴംഗ ബെഞ്ചിന് കേസ് വിട്ടത്. ചീഫ് ജസ്റ്റിസ് ആയിരിക്കും പുതിയ ബെഞ്ച് രൂപീകരിക്കുക. ഇതോടെ കേസിലെ നിയമ നടപടികള്‍ ഇനിയും നീളും. ഏഴംഗ ബെഞ്ച് കേസുകള്‍ തുടക്കം മുതലായിരിക്കും വാദം കേള്‍ക്കുക. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചത് ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചായിരുന്നു. പുനഃപരിശോധനാ ഹര്‍ജികളില്‍ തീരുമാനമെടുക്കുമ്പോള്‍ ഈ ബെഞ്ചില്‍ ദീപക് മിശ്രക്ക് പകരം രഞ്ജന്‍ ഗോഗോയ് ആണ് ഉള്ളത്.

ജസ്റ്റിസ് ഗോഗോയ്, ജസ്റ്റിസ് എ.എന്‍.ഖാന്‍വില്‍കര്‍, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഭൂരിപക്ഷ വിധിയില്‍ കേസ് ഏഴംഗ ബെഞ്ചിന് വിടാന്‍ നിര്‍ദേശിച്ചത്. ജസ്റ്റിസ് രോഹിംഗ്ടണ്‍ നരിമാന്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവര്‍ പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളണമെന്ന നിലപാടെടുത്തു. ഭരണഘടന വിശുദ്ധ ഗ്രന്ഥമാണെന്ന അഭിപ്രായവും ഇവര്‍ വിധിയില്‍ എഴുതിച്ചേര്‍ത്തു.