സുരേഷ് കല്ലട പോലീസില്‍ ഹാജരായി; മൊഴിയെടുക്കുന്നു

യാത്രക്കാരെ ക്രൂരമായി മര്ദ്ദിച്ച കേസില് സുരേഷ് കല്ലട പോലീസില് ഹാജരായി.
 | 
സുരേഷ് കല്ലട പോലീസില്‍ ഹാജരായി; മൊഴിയെടുക്കുന്നു

കൊച്ചി: യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ സുരേഷ് കല്ലട പോലീസില്‍ ഹാജരായി. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലാണ് സുരേഷ് കല്ലട എത്തിയത്. ചൊവ്വാഴ്ച മരട് സിഐക്കു മുന്നില്‍ ഹാജരാകണമെന്ന് പോലീസ് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഇന്നലെയും ഇയാള്‍ ഹാജരായിരുന്നില്ല. രക്തസമ്മര്‍ദ്ദത്തിന് ചികിത്സയിലായതിനാല്‍ ഇന്നും ഹാജരാകില്ലെന്ന് ഇയാള്‍ അറിയിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് ചികിത്സാ രേഖകള്‍ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. ഹാജരായില്ലെങ്കില്‍ കൂടുതല്‍ നിയമ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് തീരുമാനിച്ചിരുന്നു. അതിനിടെയാണ് സുരേഷ് കല്ലട എസി ഓഫീസില്‍ ഹാജരായത്. സുരേഷ് കല്ലടയുടെ മൊഴിയെടുത്ത് യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഇയാള്‍ക്കു പങ്കുണ്ടോ എന്നാണ് പോലീസ് കണ്ടെത്താന്‍ ശ്രമിക്കുന്നത്.

കേസില്‍ റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനും പോലീസ് നടപടികള്‍ ആരംഭിച്ചു. യാത്രക്കാരെ ബസില്‍ നിന്ന് പിടിച്ചിറക്കി ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. പരിക്കേറ്റ് തമിഴ്‌നാട്ടില്‍ ചികിത്സയിലുള്ള ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.