ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന പോസ്റ്റ്; തന്ത്രിക്ക് 25,000 രൂപ ബോണ്ടില്‍ ജാമ്യം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു രൂപ പോലും സംഭാവന നല്കരുതെന്ന് ഫെയിസ്ബുക്ക് പോസ്റ്റിട്ട തന്ത്രിക്ക് 25,000 രൂപ ബോണ്ടില് ജാമ്യം.
 | 
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന പോസ്റ്റ്; തന്ത്രിക്ക് 25,000 രൂപ ബോണ്ടില്‍ ജാമ്യം

കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു രൂപ പോലും സംഭാവന നല്‍കരുതെന്ന് ഫെയിസ്ബുക്ക് പോസ്റ്റിട്ട തന്ത്രിക്ക് 25,000 രൂപ ബോണ്ടില്‍ ജാമ്യം. കോട്ടയം സൂര്യകാലടിമന സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിനാണ് ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. രണ്ട് ആള്‍ജാമ്യവും നല്‍കണം. ഡിവൈഎഫ്‌ഐ കുമാരനല്ലൂര്‍ ഈസ്റ്റ് മേഖലാ സെക്രട്ടറി നല്‍കിയ പരാതിയിലാണ് തന്ത്രിക്കെതിരെ കേസെടുത്തത്.

ഗാന്ധിനഗര്‍ പോലീസാണ് കേസെടുത്തത്. കേസിന്റെ അടിസ്ഥാനത്തില്‍ തന്ത്രി കോടതിയില്‍ ഹാജരായി ജാമ്യം എടുക്കുകയായിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന പോസ്റ്റ് വിവാദമായതിനു പിന്നാലെ ഭട്ടതിരിപ്പാട് പിന്‍വലിച്ചിരുന്നു. ഒരു ബാങ്ക് മാനേജരുടെ അഭിപ്രായം കേട്ടതിന്റെ ധാര്‍മികരോഷത്താലായിരുന്നു പോസ്റ്റ് എന്നായിരുന്നു വിശദീകരണം. പോസ്റ്റ് പിന്‍വലിച്ചെങ്കിലും സ്‌ക്രീന്‍ ഷോട്ടുകള്‍ പരാതിക്കാര്‍ നല്‍കിയിരുന്നു.

സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ നടന്ന പ്രചാരണം ഏറ്റുപിടിച്ചായിരുന്നു തന്ത്രിയുടെ പോസ്റ്റ്. കേരള തന്ത്രി സമാജത്തില്‍ നേതൃസ്ഥാനത്തുണ്ടായിരുന്ന സൂര്യന്‍ സുബ്ഹ്മണ്യന്‍ ഭട്ടതിരിപ്പാട് ശബരിമല കര്‍മ സമിതി നടത്തിയ പരിപാടികളിലും സജീവമായി പങ്കെടുത്തിട്ടുണ്ട്. ഐപിസി 153, കേരള പോലീസ് ആക്ട് 120(ഒ) എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് തന്ത്രിക്കെതിരെ കേസെടുത്തത്.