സ്വപ്‌ന സുരേഷും സന്ദീപ് നായരും കസ്റ്റഡിയില്‍

സ്വര്ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പിടിയില്.
 | 
സ്വപ്‌ന സുരേഷും സന്ദീപ് നായരും കസ്റ്റഡിയില്‍

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും പിടിയില്‍. ബംഗളൂരുവില്‍ നിന്ന് എന്‍ഐഎ ആണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ സ്വപ്‌ന രണ്ടാം പ്രതിയും സന്ദീപ് നാലാം പ്രതിയുമാണ്. ഇവരെ നാളെ കൊച്ചിയില്‍ എന്‍ഐഎ ഓഫീസില്‍ എത്തിക്കും. ആറ് ദിവസത്തെ ഒളിവിന് ശേഷമാണ് പ്രതികള്‍ പിടിയിലായത്. ഇതിനിടയില്‍ പ്രതികള്‍ രണ്ടുപേരും കീഴടങ്ങാന്‍ പദ്ധതിയിട്ടതായും സൂചനയുണ്ട്. രണ്ട് വഴിയിലായി കേരളത്തില്‍ എത്തി കീഴടങ്ങാനായിരുന്നു പദ്ധതി.

ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സ്വപ്‌നയും സന്ദീപും പിടിയിലായതെന്നാണ് സൂചന. സ്വപ്‌നയുടെ കുടുംബവും ബംഗളൂരുവില്‍ ഉണ്ടായിരുന്നു. എന്‍ഐഎ ഫയല്‍ ചെയ്ത എഫ്‌ഐആറില്‍ നേരത്തേ പിടിയിലായ സരിത്ത് ആണ് ഒന്നാം പ്രതി. ഇയാളെ എന്‍ഐഎ ചോദ്യം ചെയ്തു വരികയാണ്. ഇതിനിടയിലാണ് മറ്റു രണ്ട് പ്രതികള്‍ കൂടി പിടിയിലായത്. കേസില്‍ ഇനി മൂന്നാം പ്രതി ഫാസില്‍ ഫരീദ് കൂടി പിടിയിലാകാനുണ്ട്.

ഹൈക്കോടതിയില്‍ സ്വപ്‌ന ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ അറസ്റ്റ് തടഞ്ഞിരുന്നില്ല. ജാമ്യാപേക്ഷ എന്‍ഐഎയും കേന്ദ്രസര്‍ക്കാരും കോടതിയില്‍ എതിര്‍ത്തിരുന്നു. ഇതിനിടെ പ്രതികളെ പിടികൂടാന്‍ സഹായം അഭ്യര്‍ത്ഥിച്ച് കേരള പോലീസിന് കസ്റ്റംസ് ഇന്ന് ഇമെയില്‍ അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്ത് കൊച്ചി ഡിസിപി ജി.പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിയോഗിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പ്രതികളെ എന്‍ഐഎ പിടികൂടിയത്.