താന്‍ നിരപരാധിയെന്ന് സ്വപ്‌ന സുരേഷ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ഡിപ്ലോമാറ്റിക് ബാഗില് സ്വര്ണ്ണം കടത്തിയ കേസില് ഒളിവില് കഴിയുന്ന സ്വപ്ന സുരേഷ് മുന്കൂര് ജാമ്യത്തിന് അപേക്ഷ നല്കി.
 | 
താന്‍ നിരപരാധിയെന്ന് സ്വപ്‌ന സുരേഷ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി: ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണ്ണം കടത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന സ്വപ്‌ന സുരേഷ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി. ബുധനാഴ്ച രാത്രിയോടെയാണ് ഓണ്‍ലൈനില്‍ സ്വപ്‌നയുടെ അഭിഭാഷകന്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ താന്‍ നിരപരാധിയാണെന്നും അതുകൊണ്ടുതന്നെ കസ്റ്റംസിനോട് ഒന്നും പറയാനില്ലെന്നും ഹര്‍ജിയില്‍ സ്വപ്‌ന പറയുന്നു. കേസുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും അറിയില്ല. തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അവര്‍ ഹര്‍ജിയില്‍ പറയുന്നു.

കോണ്‍സുലേറ്റ് നല്‍കിയ സാക്ഷ്യപത്രം വ്യാജമല്ല. കോണ്‍സുലേറ്റിലെ ജോലിയില്‍ നിന്ന് പുറത്തു വന്നിട്ടും അറ്റാഷെ ഉള്‍പ്പെടെയുള്ളവര്‍ തന്റെ സഹായം തേടിയിരുന്നു. കോണ്‍സുലേറ്റില്‍ വെച്ചുള്ള പരിചയം കൊണ്ട് പല സഹായങ്ങളും ചെയ്തു നല്‍കിയെന്നും സ്വപ്‌ന പറയുന്നു. മാധ്യമങ്ങളില്‍ തന്റെ ചിത്രങ്ങള്‍ വരുന്നത് വിലക്കണമെന്നും ചിത്രം പ്രചരിക്കപ്പെടുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും അവര്‍ ഹര്‍ജിയില്‍ പറയുന്നു.