മദ്യപാനിയായി ചിത്രീകരിച്ച കമ്യൂണിസ്റ്റുകാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും; ടി. സിദ്ദിഖ്

മാന്യന്മാരായിട്ടുളള ആളുകളെ മദ്യപാനികളാക്കി ചിത്രീകരിക്കാന് നിങ്ങള്ക്ക് അല്ലാതെ മറ്റാര്ക്കും സാധിക്കില്ല. വല്ലാത്തൊരു തൊലിക്കട്ടി തന്നെ.
 | 
മദ്യപാനിയായി ചിത്രീകരിച്ച കമ്യൂണിസ്റ്റുകാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും; ടി. സിദ്ദിഖ്

കൊച്ചി: തന്നെ മദ്യപാനിയായി ചിത്രീകരിച്ച കമ്യൂണിസ്റ്റുകാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ടി. സിദ്ധിഖ്. ദുബായ് സന്ദര്‍ശന വേളയില്‍ ചിത്രീകരിച്ച വീഡിയോ ഉപയോഗിച്ചാണ് തന്നെ മദ്യപാനിയായി ചിത്രീകരിച്ചുകൊണ്ട് പ്രചാരണം നടത്തുന്നതെന്നും ഇക്കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും സിദ്ധിഖ് പറഞ്ഞു. നാട്ടിലെത്തിയാല്‍ ഉടന്‍ ഇക്കാര്യത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇങ്ങനെ ഒരു വിശദീകരണം നല്‍കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ ചിരിയാണ് തോന്നുന്നത്. 20-ാം തീയതി പുലര്‍ച്ചെയാണ് ദുബായിലെത്തുന്നത്. ഇന്‍കാസിന്റേത് ഉള്‍പ്പെടെ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു ദുബായി സന്ദര്‍ശനം. പരിപാടികള്‍ തിരക്കിട്ടതായിരുന്നു. കുടുംബത്തോടൊപ്പം ഡസര്‍ട്ട് സവാരി പോയിരുന്നു. കുടുംബം സുഹൃത്തുക്കളൊക്കെ ഉണ്ടായിരുന്നു. ഇതിനിടയിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇതില്‍ എന്നെ മദ്യപാനിയാക്കി കാണിക്കാനുളള കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ ശ്രമങ്ങളെ തളളിക്കളയുന്നു. അത്തരം ശ്രമങ്ങള്‍ക്ക് വശപ്പെട്ട് പോവില്ലെന്നും സിദ്ദിഖ് പറഞ്ഞു.

‘മാന്യന്മാരായിട്ടുളള ആളുകളെ മദ്യപാനികളാക്കി ചിത്രീകരിക്കാന്‍ നിങ്ങള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല. വല്ലാത്തൊരു തൊലിക്കട്ടി തന്നെ. എനിക്ക് ഇക്കാര്യത്തില്‍ അവരോട് സഹതാപമാണ് തോന്നുന്നത്. ഞാന്‍ ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ല. ഇനി മദ്യപിക്കുകയുമില്ല. അതൊരു ജീവിതനിഷ്ഠയാണ്. മദ്യപാനിക്കാത്ത എന്നെ മദ്യപാനിയാക്കാമെന്ന് കമ്മ്യൂണിസ്റ്റുകാര്‍ വിചാരിച്ചാല്‍, ആ ആക്കലിന് വിധേയമാകാന്‍ ഞാന്‍ ഒരുക്കമല്ല. ഞാന്‍ മദ്യപാനിയാണെന്ന് തെളിയിക്കാന്‍ ഉത്തരവാദിത്തപ്പെട്ട കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് ഒരു അവസരം നല്‍കുന്നു. ഇതിന്റെ ഭാഗമായി എനിക്കെതിരെ വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കും’- ടി സിദ്ദിഖ് വീഡിയോയില്‍ പറഞ്ഞു.