Sunday , 9 August 2020
News Updates

ശവങ്ങളുടെ കീശയില്‍ മുഴുവന്‍ ശമ്പളവും കാണുമായിരിക്കും, പക്ഷേ ശവങ്ങള്‍ക്ക് ആറടി മണ്ണുമാത്രം മതി; സിജെഎമ്മിന്റെ പോസ്റ്റ് വൈറല്‍

ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ കത്തിന്റെ പശ്ചാത്തലത്തില്‍ തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ പോസ്റ്റ് വൈറല്‍. കോടതിയിലെ ചില്ലുമുറിയില്‍ നിന്ന് ഒന്നു പുറത്തേയ്ക്കു നോക്കുമ്പോള്‍ കുറേയേറെ വക്കീലന്മാരെ കാണുന്നില്ലേ? ഈ കോടതിയില്ലാ-വരുമാനമില്ലാ കാലത്തും ലോണടവ്, ഓഫീസ് വാടക, ഓഫീസ് സ്റ്റാഫിനു ശമ്പളം, വീട്ടു ചിലവ് എല്ലാം കണ്ടെത്തേണ്ടവരാണവര്‍ എന്ന് സിജെഎം ആയ എസ്.സുദീപ് പറയുന്നു.

വക്കീലന്മാരുടെ അവസ്ഥ ഒരുദാഹരണമായി പറഞ്ഞതാണ്. എന്റെ ഉറ്റ ചങ്ങാതിമാരെല്ലാം വക്കീലന്മാരാണ്. പ്രിയപ്പെട്ടവരൊക്കെ വക്കീലന്മാരാണ്. വക്കീലന്മാരൊക്കെയും പ്രിയപ്പെട്ടവരാണ്. അതുകൊണ്ടാണ്. അതിനും താഴെ എത്രയോ പേരുണ്ട്. അവരെയോര്‍ക്കാനും പങ്കുവയ്ക്കാനും കഴിയാത്തവന്‍ മനുഷ്യനല്ല. മരിച്ചു കഴിഞ്ഞാല്‍ ഏതു മനുഷ്യനും ശവം തന്നെയാണ്. പക്ഷേ ജീവിച്ചിരിക്കുമ്പോള്‍ ശവമാകരുത്, മനുഷ്യനാകാന്‍ കഴിയണം.

ശവങ്ങളുടെ കീശയില്‍ മുഴുവന്‍ ശമ്പളവും കാണുമായിരിക്കും, പക്ഷേ ശവങ്ങള്‍ക്ക് ആറടി മണ്ണുമാത്രം മതി. ഓര്‍ത്തിരുന്നാല്‍ നന്ന് എന്നാണ് പോസ്റ്റ് അവസാനിപ്പിക്കുന്ന്. ഒരു മാസത്തെ ശമ്പളമെങ്കിലും നാടിന് നല്‍കേണ്ടത് തന്റെ ചുമതലയാണെന്നും അത് നിറവേറുക തന്നെ ചെയ്യും എന്ന് വ്യക്തമാക്കിക്കൊണ്ട് തന്റെ ശമ്പളത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ മറ്റൊരു പോസ്റ്റില്‍ ഇദ്ദേഹം പുറത്തു വിട്ടിരുന്നു.

പോസ്റ്റ് വായിക്കാം

ഒന്നുമില്ലാ കാലത്തും ജീവിച്ചിരുന്ന ഒരാളാണ്.
ജൂനിയർ വക്കീലായിരുന്നപ്പോൾ, സീനിയർ വല്ലപ്പോഴും തരുന്ന മുപ്പത്തിയഞ്ചു രൂപയിലും ജീവിച്ചിരുന്ന കാലത്തു ചിന്തിച്ചിരുന്നത് അതുപോലും കിട്ടാത്ത ജൂനിയർ വക്കീലന്മാരെക്കുറിച്ചായിരുന്നു.
മുൻസിഫ് ട്രെയിനിംഗ് കാലത്ത് ₹2,000 ആയിരുന്നു പ്രതിമാസ സ്റ്റൈപന്റ്. ഒരു തിരിവിനു മാത്രം വരുന്ന ആ തുക വാങ്ങാനായി റവന്യൂ സ്റ്റാമ്പും പിടിച്ച് പഴയ റാം മോഹൻ പാലസിൽ ക്യൂ നിന്നിരുന്ന സമയം മനസിൽ തെളിഞ്ഞത് ഒരു കാലവും രണ്ടായിരം രൂപ ഒരുമിച്ചു കാണാത്ത ജൂനിയർ വക്കീൽ ദിനങ്ങളായിരുന്നു.
പിന്നെ സർവീസിൽ കയറിയപ്പോൾ ഡി എ ഇല്ലാതെ ₹9,000 അടിസ്ഥാന ശമ്പളം മാത്രം കൈപ്പറ്റിയപ്പോൾ ഓർത്തത് പഴയ ട്രെയിനിംഗ് കാലമായിരുന്നു.
ഈ ലോക്ഡൗൺ ജോലി ചെയ്യാതെ ശമ്പളം വാങ്ങുമ്പോൾ ഓർക്കുന്നതും ഓർക്കേണ്ടതും ജോലിയും ശമ്പളവുമില്ലാത്ത മഹാഭൂരിപക്ഷത്തെയാണ്. ആ മഹാഭൂരിപക്ഷത്തിൽ എല്ലാ വിഭാഗക്കാരുമുണ്ട്.
കോടതിയിലെ ചില്ലുമുറിയിൽ നിന്ന് ഒന്നു പുറത്തേയ്ക്കു നോക്കുമ്പോൾ കുറേയേറെ വക്കീലന്മാരെ കാണുന്നില്ലേ? ഈ കോടതിയില്ലാ-വരുമാനമില്ലാ കാലത്തും ലോണടവ്, ഓഫീസ് വാടക, ഓഫീസ് സ്റ്റാഫിനു ശമ്പളം, വീട്ടു ചിലവ് എല്ലാം കണ്ടെത്തേണ്ടവരാണവർ.
കോടതികൾ എന്നു തുറക്കുമെന്നറിയില്ല. എന്നു തുറന്നാലും സമീപഭാവിയിലൊന്നും വിചാരണയൊന്നും നടക്കുകയുമില്ല.
കക്ഷികൾക്കൊക്കെ എന്നു ജോലിക്കു പോകാൻ കഴിയുമെന്നറിയില്ല. പോയിത്തുടങ്ങിയാൽ തന്നെ ആദ്യം വക്കീലിനെ കണ്ട് ഫീസ് കൊടുക്കാനല്ല അവർ ശ്രമിക്കുക. കടവും സ്കൂൾ തുറപ്പിലെ ചിലവുകളും വീട്ടു കാര്യങ്ങളും തൊട്ട് എല്ലാം കഴിഞ്ഞ് എന്നെങ്കിലും എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ വക്കീലിനു കിട്ടിയെന്നിരിക്കും. അതെന്നായിരിക്കും? ആവോ, ആർക്കറിയാം…
വക്കീലന്മാരുടെ അവസ്ഥ ഒരുദാഹരണമായി പറഞ്ഞതാണ്. എന്റെ ഉറ്റ ചങ്ങാതിമാരെല്ലാം വക്കീലന്മാരാണ്. പ്രിയപ്പെട്ടവരൊക്കെ വക്കീലന്മാരാണ്. വക്കീലന്മാരൊക്കെയും പ്രിയപ്പെട്ടവരാണ്. അതുകൊണ്ടാണ്…
അതിനും താഴെ എത്രയോ പേരുണ്ട്…
അവരെയോർക്കാനും പങ്കുവയ്ക്കാനും കഴിയാത്തവൻ മനുഷ്യനല്ല.
മരിച്ചു കഴിഞ്ഞാൽ ഏതു മനുഷ്യനും ശവം തന്നെയാണ്. പക്ഷേ ജീവിച്ചിരിക്കുമ്പോൾ ശവമാകരുത്, മനുഷ്യനാകാൻ കഴിയണം.
ശവങ്ങളുടെ കീശയിൽ മുഴുവൻ ശമ്പളവും കാണുമായിരിക്കും, പക്ഷേ ശവങ്ങൾക്ക് ആറടി മണ്ണുമാത്രം മതി.
ഓർത്തിരുന്നാൽ നന്ന്.

ഒന്നുമില്ലാ കാലത്തും ജീവിച്ചിരുന്ന ഒരാളാണ്.

ജൂനിയർ വക്കീലായിരുന്നപ്പോൾ, സീനിയർ വല്ലപ്പോഴും തരുന്ന മുപ്പത്തിയഞ്ചു…

Posted by S Sudeep on Wednesday, April 29, 2020

DONT MISS