പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനിയുടെ മരണം; അധ്യാപകന് സസ്‌പെന്‍ഷന്‍

ക്ലാസ് മുറിയില് നിന്ന് പാമ്പുകടിയേറ്റ് വിദ്യാര്ത്ഥിനി മരിച്ച സംഭവത്തില് അധ്യാപകനെ സസ്പെന്ഡ് ചെയ്തു
 | 
പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനിയുടെ മരണം; അധ്യാപകന് സസ്‌പെന്‍ഷന്‍

സുല്‍ത്താന്‍ബത്തേരി: ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. ഷജില്‍ എന്ന അധ്യാപകനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിലാണ് നടപടി. മറ്റ് അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് വയനാട് ഡിഡിഇ ഇബ്രാഹിം തോണിക്കര പറഞ്ഞു.

ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഷഹ്ല ഷെറിന്‍ (10) എന്ന വിദ്യാര്‍ഥിനിയാണ് ഇന്നലെ പാമ്പുകടിയേറ്റ് ചികിത്സ വൈകിയത് മൂലം മരിച്ചത്. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് സംഭവത്തില്‍ ഡിഡിഇയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അന്വേഷണത്തിന് ശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്ന് വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുല്ല അറിയിച്ചു.

ഷഹ്ലയെ പാമ്പ് കടിച്ചെന്ന് അധ്യാപകരെ അറിയിച്ചിട്ടും ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ലെന്ന് സഹപാഠികള്‍ പറഞ്ഞിരുന്നു. കുട്ടിയെ പാമ്പ് കടിച്ച കാര്യം ടീച്ചറെ അറിയിച്ചപ്പോള്‍ കുട്ടിയുടെ രക്ഷിതാവ് വന്ന് ആശുപത്രിയില്‍ കൊണ്ടുപൊകുമെന്നാണ് ഷിജില്‍ പറഞ്ഞതെന്നും പിന്നീട് ഒരു മണിക്കൂറോളം ക്ലാസ് തുടരുകയുമായിരുന്നുവെന്ന് കുട്ടികള്‍ വെളിപ്പെടുത്തി.

സ്‌കൂളിന് തൊട്ടടുത്ത് തന്നെ ആശുപത്രിയും വാഹന സൗകര്യവും ഉണ്ടായിട്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അധ്യാപകര്‍ വീഴ്ച വരുത്തുകയായിരുന്നുവെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. ക്ലാസ് മുറിയിലെ പൊത്തില്‍ നിന്നാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. ഇവിടെ പാമ്പുണ്ടെന്ന് കുട്ടികള്‍ അറിയിച്ചിട്ടും അധ്യാപകര്‍ നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്.