പാമ്പു കടിച്ചെന്ന് അറിയിച്ചിട്ടും ആശുപത്രിയില്‍ എത്തിച്ചില്ല; ഷഹ്‌ലയുടെ മരണത്തില്‍ അധ്യാപകര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍

ക്ലാസ് മുറിയിലെ പൊത്തില് നിന്ന് പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസുകാരി മരിച്ച സംഭവത്തില് അധ്യാപകര്ക്കെതിരെ ആരോപണം
 | 
പാമ്പു കടിച്ചെന്ന് അറിയിച്ചിട്ടും ആശുപത്രിയില്‍ എത്തിച്ചില്ല; ഷഹ്‌ലയുടെ മരണത്തില്‍ അധ്യാപകര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍

സുല്‍ത്താന്‍ബത്തേരി: ക്ലാസ് മുറിയിലെ പൊത്തില്‍ നിന്ന് പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസുകാരി മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ ആരോപണം ഉയരുന്നു. പാമ്പുകടിയേറ്റെന്ന് അറിയിച്ചിട്ടും കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അധ്യാപകര്‍ തയ്യാറായില്ലെന്നാണ് ഷഹ്‌ലയുടെ സഹപാഠികള്‍ പറയുന്നത്. പാമ്പ് കടിച്ചതാണെന്ന് ടീച്ചറോട് പറഞ്ഞെങ്കിലും കുട്ടിയുടെ അച്ഛന്‍ എത്തിയിട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് മറ്റൊരു അധ്യാപകന്‍ പറഞ്ഞുവെന്ന് ഒരു വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തി. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു.

ഷഹ് ലയുടെ പിതാവ് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് വന്നതെന്നും അത്രയും നേരം ടീച്ചര്‍ ക്ലാസ് എടുക്കുകയായിരുന്നുവെന്നും സഹപാഠികള്‍ പറയുന്നു. അപ്പോഴേക്കും കടിയേറ്റ ഭാഗം നീലനിറത്തില്‍ ആയിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെന്നാണ് സ്‌കൂളിലെ പ്രധാനാധ്യാപകന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ആശുപത്രിയി്ല്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും അതിനാല്‍ ചികിത്സ വൈകിയെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

രക്ഷിതാക്കളും സ്‌കൂള്‍ അധികൃതര്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ക്ലാസില്‍ നിറയെ മാളങ്ങളും സ്‌കൂളിന് ചുറ്റും കാടുമാണ്. കുട്ടികള്‍ ക്ലാസില്‍ ചെരുപ്പിട്ട് കയറുന്നത് അധ്യാപകര്‍ വിലക്കിയിട്ടുണ്ടെന്നും രക്ഷിതാക്കള്‍ പറയുന്നു. പാമ്പുകടിയേറ്റ കുട്ടിക്ക് ഒരു മണിക്കൂറോളം പ്രഥമ ശുശ്രൂഷ പോലും ലഭിച്ചിട്ടില്ലെന്നാണ് മറ്റു വിദ്യാര്‍ത്ഥികളുടെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.