ബിടെക് പരീക്ഷയിലെ കൂട്ടകോപ്പിയടി; സാങ്കേതിക സര്‍വകലാശാല പ്രിന്‍സിപ്പല്‍മാരെ വിളിച്ചു വരുത്തും

കോവിഡ് പ്രോട്ടോക്കോളിന്റെ മറവില് ബിടെക് പരീക്ഷയില് വിദ്യാര്ത്ഥികള് കൂട്ടക്കോപ്പിയടി നടത്തിയ സംഭവത്തില് പ്രിന്സിപ്പല്മാരോട് വിശദീകരണം തേടും.
 | 
ബിടെക് പരീക്ഷയിലെ കൂട്ടകോപ്പിയടി; സാങ്കേതിക സര്‍വകലാശാല പ്രിന്‍സിപ്പല്‍മാരെ വിളിച്ചു വരുത്തും

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോളിന്റെ മറവില്‍ ബിടെക് പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടക്കോപ്പിയടി നടത്തിയ സംഭവത്തില്‍ പ്രിന്‍സിപ്പല്‍മാരോട് വിശദീകരണം തേടും. കോപ്പിയടി നടന്ന കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരെ സാങ്കേതിക സര്‍വകലാശാല വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെടുമെന്നാണ് വിവരം. നാല് കോളേജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സാങ്കേതിക സര്‍വകലാശാല ഈ പരീക്ഷ റദ്ദാക്കി.

പ്രിന്‍സിപ്പല്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസിന് പരാതി നല്‍കാനാണ് തീരുമാനം. ബിടെക് മൂന്നാം സെമസ്റ്ററിലെ ലീനിയര്‍ ആള്‍ജിബ്ര ആന്‍ഡ് കോംപ്ലക്‌സ് അനാലിസിസ് എന്ന പേപ്പറിന്റെ സപ്ലിമെന്ററി പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ചോദ്യപേപ്പറിന്റെ ഫോട്ടോ മൊബൈല്‍ ഫോണില്‍ എടുത്ത് വാട്‌സാപ്പ് ഗ്രൂപ്പില്‍ നല്‍കുകയും ഉത്തരങ്ങള്‍ പകര്‍ത്തിയെഴുതുകയുമായിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ പരീക്ഷയില്‍ ഇന്‍വിജിലേറ്റര്‍മാര്‍ മാറിനിന്ന സമയത്തായിരുന്നു കോപ്പിയടി.

കോപ്പിയടിക്ക് വിദ്യാര്‍ത്ഥികള്‍ അല്ലാത്തവര്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ പോലീസ് സഹായം തേടേണ്ടി വരും. അതിനാലാണ് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ സിന്‍ഡിക്കേറ്റ് ഉപസമിതി തീരുമാനിച്ചിരിക്കുന്നത്.