കൊച്ചി-മുസിരിസ് ബിനാലെയുടെ രണ്ടാം പതിപ്പിന് ഇന്നു തുടക്കം

ലോക കലയെ കേരള മണ്ണിന് പരിചയപ്പെടുത്തിയ കൊച്ചി-മുസിരിസ് ബിനാലെയുടെ രണ്ടാം പതിപ്പിന് ഇന്നു തുടക്കം. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ വൈകീട്ട് 7.30-ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ബിനാലെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
 | 

കൊച്ചി-മുസിരിസ് ബിനാലെയുടെ രണ്ടാം പതിപ്പിന് ഇന്നു തുടക്കം

കൊച്ചി: ലോക കലയെ കേരള മണ്ണിന് പരിചയപ്പെടുത്തിയ കൊച്ചി-മുസിരിസ് ബിനാലെയുടെ രണ്ടാം പതിപ്പിന് ഇന്നു തുടക്കം. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ വൈകീട്ട് 7.30-ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ബിനാലെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. തുടർന്ന് ബിനാലെയിൽ പങ്കെടുക്കുന്ന കലാകാരന്മാരും കലാകാരികളും വിശിഷ്ടാതിഥികളും നൂറു വിളക്കുകൾ തെളിയിച്ച് ബിനാലെയ്ക്ക് സ്വാഗതമോതും.

ഉദ്ഘാടനത്തിനു മുന്നോടിയായി വൈകിട്ട് 5.30-ന് പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ ഒന്നര മണിക്കൂർ ദൈർഘ്യമുള്ള വാദ്യമേളമുണ്ടാകും. മുന്നൂറു മേളക്കാരാണ് വാദ്യകലാ വിരുന്ന് ഒരുക്കുന്നത്.

ആസ്പിൻവാൾ ഹൗസിൽ തയാറാക്കിയ അംബ്രലാ പവിലിയനിൽ ഉച്ചയ്ക്ക് 12-ന് പതാക ഉയർത്തും. ആദ്യ ബിനാലെയുടെ ക്യൂറേറ്റർമാരായിരുന്ന ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവും പതാക ഇത്തവണത്തെ ക്യൂറേറ്ററായ ജിതീഷ് കല്ലാട്ടിനു കൈമാറും. മുപ്പതു രാജ്യങ്ങളിൽ നിന്നായി 94 കലാകാരന്മാരും നൂറു കലാസൃഷ്ടികളുമാണ് ഇത്തവണ ബിനാലെയിൽ അണിനിരക്കുന്നത്. മാർച്ച് 29 വരെ ബിനാലെ നീണ്ടു നിൽക്കും.

ടിക്കറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് നിരക്ക്. ബിനാലെ നടക്കുന്ന എല്ലാ വേദികളിലേക്കുമുള്ള ടിക്കറ്റാണു നൽകുന്നത്. ആസ്പിൻ വാളിനു പുറമേ പെപ്പർ ഹൗസ്, കബ്രാൾ യാഡ്, ഡേവിഡ് ഹാൾ, വാസ്‌കോഡ ഗാമ സ്‌ക്വയർ, കാശി ആർട് ഗാലറി, സിഎസ്‌ഐ ബംഗ്ലാവ്, ദർബാർ ഹാൾ എന്നിവയാണ് പ്രധാന വേദികൾ.