മാനസികമായി പീഡിപ്പിക്കുന്നതായി ആരോപണം; മൂന്ന് വനിതാ ഡി.വൈ.എഫ്.ഐ നേതാക്കള്‍ രാജിവെച്ചു

ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തിനും സിപിഎം ജില്ലാ കമ്മറ്റിക്കും പരാതി നല്കിയിരുന്നുവെന്നും യുവതികള് പറഞ്ഞു.
 | 
മാനസികമായി പീഡിപ്പിക്കുന്നതായി ആരോപണം; മൂന്ന് വനിതാ ഡി.വൈ.എഫ്.ഐ നേതാക്കള്‍ രാജിവെച്ചു

പത്തനംതിട്ട: മാനസികമായി പീഡിപ്പിക്കുന്നതായി ആരോപിച്ച് മൂന്ന് വനിതാ ഡി.വൈ.എഫ്.ഐ നേതാക്കള്‍ രാജിവെച്ചു. പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗങ്ങളാണ് രാജിവെച്ചിരിക്കുന്നത്. രാത്രി വൈകിയുള്ള പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനാകാത്ത സാഹചര്യങ്ങളുണ്ടായാല്‍ അവഹേളനവും അവഗണനയും ഏല്‍ക്കേണ്ടി വരുന്നതായി വനിതാ നേതാക്കള്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ സ്ഥിരമായതോടെയാണ് രാജിവെക്കാന്‍ തീരുമാനിച്ചതെന്നും ഇവര്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് ഡി.വൈ.എഫ്.ഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രാത്രി വൈകിയും ദൂര സ്ഥലങ്ങളില്‍ പ്രവര്‍ത്തനത്തിന് നിയോഗിക്കുമ്പോള്‍ പോകാതിരുന്നാല്‍ കമ്മിറ്റിയില്‍ അവഹേളിക്കുന്നുവെന്ന് മൂവരും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമൊന്നും ഉണ്ടാവാതിരുന്നതോടെയാണ് രാജിവെക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വത്തിനും സിപിഎം ജില്ലാ കമ്മറ്റിക്കും പരാതി നല്‍കിയിരുന്നുവെന്നും യുവതികള്‍ പറഞ്ഞു.

നേരത്തെ പി.കെ ശശിക്കെതിരായ വനിതാ നേതാവിന്റെ പരാതി പാര്‍ട്ടി കൈകാര്യം ചെയ്ത രീതിക്കെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. പിന്നാലെയുണ്ടായിരിക്കുന്ന കൂട്ടരാജി ഡി.വൈ.എഫ്.ഐ നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാഴ്ത്തിരിക്കുകയാണ്. വിഷയത്തില്‍ പാര്‍ട്ടി നേതാക്കള്‍ ഇടപെടുമെന്നാണ് സൂചന. അതേസമയം മൂവരുടെയും രാജി ജില്ലാ നേതൃത്വം സ്വീകരിച്ചിട്ടില്ല.