തൃക്കാക്കരയില്‍ ജനകീയ ഡോക്ടര്‍; ജനസമ്മതി വോട്ടാക്കാന്‍ എല്‍ഡിഎഫ്‌

പ്രൊഫഷണലുകളുടെ നിരയുമായി സിപിഎം അവതരിപ്പിച്ചിരിക്കുന്ന സ്ഥാനാര്ത്ഥികളുടെ പട്ടികയിലെ രണ്ട് ഡോക്ടര്മാരില് ഒരാള് തൃക്കാക്കര മണ്ഡലത്തില് മത്സരിക്കുന്ന ഡോ. ജെ. ജേക്കബ്
 | 
തൃക്കാക്കരയില്‍ ജനകീയ ഡോക്ടര്‍; ജനസമ്മതി വോട്ടാക്കാന്‍ എല്‍ഡിഎഫ്‌

പ്രൊഫഷണലുകളുടെ നിരയുമായി സിപിഎം അവതരിപ്പിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടികയിലെ രണ്ട് ഡോക്ടര്‍മാരില്‍ ഒരാള്‍ തൃക്കാക്കര മണ്ഡലത്തില്‍ മത്സരിക്കുന്ന ഡോ. ജെ. ജേക്കബ് ആണ്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ആക്സിഡന്റ് ട്രോമ സര്‍ജന്‍ ആയും സ്പോര്‍ട്സ് മെഡിസിന്‍ വിഭാഗത്തില്‍ വിദഗ്ദ്ധനായും പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ജേക്കബ് കടവന്ത്ര സ്വദേശിയാണ്. തിരക്കേറിയ പ്രൊഫഷനൊപ്പം പൊതുപ്രവര്‍ത്തനത്തിനും സമയം കണ്ടെത്തുന്നുണ്ട് ഈ ഓര്‍ത്തോപീഡിക് സര്‍ജന്‍.

തൃക്കാക്കര മണ്ഡലത്തില്‍ ഡോക്ടര്‍ക്കുള്ള സാമൂഹ്യ ബന്ധങ്ങളും സുഹൃത്തുക്കളും ബന്ധുബലവും രോഗികളും ഒക്കെയാണ് സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ തെരഞ്ഞെടുക്കാന്‍ ഇടതുപക്ഷത്തെ പ്രേരിപ്പിച്ചത്. പെരുമ്പടപ്പില്‍ കൊച്ചി രൂപതയുടെ ഉടമസ്ഥതയിലുള്ള ഫാത്തിമാസ് ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് അദ്ദേഹം സിപിഎമ്മുമായി അടുക്കുന്നത്. കൊച്ചിയിലെ ഏറ്റവും ദരിദ്രരായ ജനങ്ങള്‍ക്കിടയിലായിരുന്നു ഈ ആശുപത്രിയിലെ 12 വര്‍ഷത്തോളം നീണ്ട കാലയളവില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.

നിരവധി രോഗികള്‍ക്ക് സൗജന്യ ചികിത്സയുള്‍പ്പെടെ ലഭ്യമാക്കാന്‍ അദ്ദേഹത്തിന്റെ ഇടപെടലുകളിലൂടെ സാധിച്ചിട്ടുണ്ട്. ഇടതുപക്ഷ പ്രവര്‍ത്തകരും നേതാക്കളും ജനപ്രതിനിധികളുമായി നല്ലൊരു ബന്ധം സൃഷ്ടിക്കാനും ഇക്കാലയളവില്‍ അദ്ദേഹത്തിനായി. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊച്ചി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫ് സജീവമായി പരിഗണിച്ച പേരുകളില്‍ ഒന്നായിരുന്നു അദ്ദേഹത്തിന്റേത്.

ഇപ്പോള്‍ കൊച്ചിയില്‍ ഏറ്റവും കൂടുതല്‍ ആക്സിഡന്റ് ട്രോമ സര്‍ജറികള്‍ കൈകാര്യം ചെയ്യുന്ന യുവ ഡോക്ടര്‍മാരില്‍ പ്രമുഖനാണ് ഡോ. ജെ.ജേക്കബ്. ഈ മേഖലയില്‍ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യത്തിന് തെളിവാണ് ഒപി ദിവസങ്ങളില്‍ അനുഭവപ്പെടുന്ന രോഗികളുടെ തിരക്ക്. സാധാരണക്കാര്‍ മുതല്‍ രാഷ്ട്രീയ, ചലച്ചിത്ര മേഖലകളില്‍ നിന്നുള്‍പ്പെടെ നിരവധി പേര്‍ ഡോക്ടറുടെ കൈപ്പുണ്യം അനുഭവിച്ചറിഞ്ഞവരാണ്.

ഈ തിരക്കുകള്‍ക്കിടയില്‍ മറ്റൊരു പാഷനും ഡോക്ടര്‍ക്കുണ്ട്. ഒരു കായികതാരമെന്ന നിലയിലും ശ്രദ്ധേയനാണ് അദ്ദേഹം. 2019ലെ കേരള മാസ്റ്റേഴ്സ് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെത്തിയ അദ്ദേഹം ദേശീയതലത്തില്‍ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. കഴിഞ്ഞ ഏഴു വര്‍ഷമായി പവര്‍ലിഫ്റ്റിംഗ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന അദ്ദേഹം ജില്ലാ തലത്തില്‍ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. സ്‌കൂള്‍ പഠന കാലത്ത് എറണാകുളം ജില്ലാ ഹോക്കി ടീമില്‍ അംഗമായിരുന്നു. എന്നാല്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനായി കായികയിനങ്ങളില്‍ നിന്ന് പിന്തിരിയേണ്ടി വന്നു. പിന്നീട് പഠനശേഷമാണ് സ്പോര്‍ട്സില്‍ അദ്ദേഹം സജീവമായത്. നിലവില്‍ എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റാണ്.

തൃക്കാക്കര മണ്ഡലത്തിന്റെ ഭാഗമായ കടവന്ത്രയില്‍ സി. ജേക്കബിന്റെയും ഉഷ ജേക്കബിന്റെയും മകനായി 1974 സെപ്റ്റംബര്‍ 14നാണ് ഡോ.ജെ.ജേക്കബ് ജനിച്ചത്. ഡോ.ജേക്കബും സഹോദരന്‍ ഡോ.ജെ.ജോര്‍ജും വൈദ്യശാസ്ത്ര മേഖലയാണ് തെരഞ്ഞെടുത്തത്. ഡോ.ജോര്‍ജ് അറിയപ്പെടുന്ന കാര്‍ഡിയോളജിസ്റ്റാണ്. പിതാവ് 22 വര്‍ഷം മുന്‍പ് മരിച്ചു.

രാജഗിരി സ്‌കൂളിലായിരുന്നു ഡോ.ജേക്കബിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. മഹാരാജാസ് കോളേജില്‍ ഡിഗ്രി പഠനത്തിന് ശേഷം മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കി. ബിജാപൂര്‍ ബിഎല്‍ഡിയില്‍ നിന്ന് എംഎസ് ബിരുദവും നേടിയ ശേഷം കൊച്ചി അമൃത ആശുപത്രിയിലാണ് ആദ്യം ജോലി ചെയ്തത്.

പിന്നീട് സിറ്റി ഹോസ്പിറ്റലിലും അതിന് ശേഷം ഫാത്തിമാ ഹോസ്പിറ്റലിലും പ്രവര്‍ത്തിച്ചു. കഴിഞ്ഞ 5 വര്‍ഷമായി മെഡിക്കല്‍ ട്രസ്റ്റ് ആണ് ഡോക്ടറുടെ തട്ടകം. ഭാര്യ രമ്യ ജേക്കബ് കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകയാണ്. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഗവേഷണം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ എസ്തര്‍ എലിസബത്ത് ജേക്കബ്, ഇസ്ഹാക്ക് ജേക്കബ് എന്നിവര്‍ മക്കളാണ്.