വയനാട്ടില്‍ നിന്ന് പിടികൂടി തിരുവനന്തപുരത്തെത്തിച്ച കടുവ കൂട് തകര്‍ത്ത് രക്ഷപ്പെട്ടു; വനംവകുപ്പ് തെരച്ചില്‍ ആരംഭിച്ചു

വയനാട്ടിലെ പുല്പള്ളിയില് ഭീതി വിതച്ചതിനെ തുടര്ന്ന് പിടികൂടി തിരുവനന്തപുരം നെയ്യാര് ഡാമിലെത്തിച്ച കടുവ കൂട് തകര്ത്ത് രക്ഷപ്പെട്ടു
 | 
വയനാട്ടില്‍ നിന്ന് പിടികൂടി തിരുവനന്തപുരത്തെത്തിച്ച കടുവ കൂട് തകര്‍ത്ത് രക്ഷപ്പെട്ടു; വനംവകുപ്പ് തെരച്ചില്‍ ആരംഭിച്ചു

തിരുവനന്തപുരം: വയനാട്ടിലെ പുല്‍പള്ളിയില്‍ ഭീതി വിതച്ചതിനെ തുടര്‍ന്ന് പിടികൂടി തിരുവനന്തപുരം നെയ്യാര്‍ ഡാമിലെത്തിച്ച കടുവ കൂട് തകര്‍ത്ത് രക്ഷപ്പെട്ടു. 9 വയസുള്ള പെണ്‍കടുവയെയാണ് കാണാതായത്. ഉച്ചയ്ക്ക് ആഹാരം കൊടുക്കാന്‍ എത്തിയപ്പോള്‍ കൂടിന്റെ ഗ്രില്ല് കടിച്ച് തകര്‍ത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ട് ദിവസം മുന്‍പാണ് കടുവയെ നെയ്യാര്‍ ഡാമിലെ പാര്‍ക്കില്‍ എത്തിച്ചത്. കടുവയ്ക്കായി വനംവകുപ്പ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

നെയ്യാര്‍ ഡാമിന്റെ റിസര്‍വോയറിനോട് അനുബന്ധിച്ചുള്ള പാര്‍ക്കില്‍ 15 അടി ഉയരത്തില്‍ വേലി സ്ഥാപിച്ചിട്ടുണ്ട്. ഇത് ചാടിക്കടന്നാലേ ജനവാസ മേഖലയിലേക്ക് മൃഗങ്ങള്‍ക്ക് എത്താന്‍ കഴിയൂ. കടുവ ജനവാസ മേഖലയിലേക്ക് ഇറങ്ങിയിട്ടില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നത്. പുല്‍പള്ളി ചീയമ്പ്രം പ്രദേശത്ത് നിന്ന് കഴിഞ്ഞ 25-ാം തിയതിയാണ് കടുവയെ പിടികൂടിയത്.

രണ്ട് മാസമായി പതിനഞ്ചോളം വളര്‍ത്തു മൃഗങ്ങളെ കടുവ കൊന്നതിനെ തുടര്‍ന്നാണ് കൂട് സ്ഥാപിച്ച് കടുവയെ കുടുക്കിയത്. വയനാട്ടില്‍ ആരംഭിക്കാനിരിക്കുന്ന കടുവാ സങ്കേതത്തിലേക്ക് ഇതിനെ മാറ്റാനായിരുന്നു പദ്ധതി. ഇതിന് മുന്‍പായി ചികിത്സ നല്‍കുന്നതിനായാണ് നെയ്യാറില്‍ എത്തിച്ചത്.