ഇന്ന് വിജയദശമി; അക്ഷരമധുരം നുകർന്ന് ആയിരങ്ങൾ അറിവിന്റെ ലോകത്തേക്ക്

വിജയദശമി ദിനത്തിൽ അറിവിന്റെ അക്ഷരമുറ്റത്തേക്ക് പിച്ചവെച്ച് ആയിരക്കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പതിവുപോലെ എഴുത്തിനിരുത്തൽ ചടങ്ങ് തുടരുകയാണ്.
 | 
ഇന്ന് വിജയദശമി; അക്ഷരമധുരം നുകർന്ന് ആയിരങ്ങൾ അറിവിന്റെ ലോകത്തേക്ക്

 

കൊച്ചി: വിജയദശമി ദിനത്തിൽ അറിവിന്റെ അക്ഷരമുറ്റത്തേക്ക് പിച്ചവെച്ച് ആയിരക്കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും പതിവുപോലെ എഴുത്തിനിരുത്തൽ ചടങ്ങ് തുടരുകയാണ്. മഹാനവമി ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ ക്ഷേത്രങ്ങളിൽ പ്രത്യേകിച്ചും സരസ്വതി ക്ഷേത്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കൊല്ലൂർ മൂകാംബിക ക്ഷേത്രം, പനച്ചിക്കാട് ദേവീക്ഷേത്രം, പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം, തിരൂർ തുഞ്ചൻപറമ്പ് തുടങ്ങിയ പ്രമുഖ സ്ഥലങ്ങളിൽ ഗുരുക്കന്മാർ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി.

പുലർച്ചെ നാലു മണി മുതലാണ് ഭാഷാചാര്യന്റെ ജന്മസ്ഥലമായ തിരൂർ തുഞ്ചൻ പറമ്പിൽ വിദ്യാരംഭം ആരംഭിച്ചത്. കൃഷ്ണ ശിലാ മണ്ഡപത്തിൽ പാരമ്പര്യ എഴുത്താശാന്മാരും, സരസ്വതീ മണ്ഡപത്തിൽ സാംസ്‌കാരിക നായകരുമാണ് കുട്ടികൾക്ക് ആദ്യാക്ഷരം പകർന്ന നൽകാൻ എത്തിയിരിക്കുന്നത്. പ്രശസ്ത സാഹിത്യകാരൻ എം.ടി വാസുദേവൻ നായർ വിദ്യാരംഭത്തിന് നേതൃത്വം നൽകി.