സദാചാര ആക്രമണം; എം.രാധാകൃഷ്ണനെ പ്രസ് ക്ലബ് അംഗത്വത്തില്‍ നിന്ന് പുറത്താക്കി, രാജിവെച്ചവര്‍ക്കെതിരെ അന്വേഷണം

മാധ്യമപ്രവര്ത്തകയുടെ വീട്ടില് സദാചാര ആക്രമണം നടത്തിയ സംഭവത്തില് തിരുവനന്തപുരം പ്രസ് ക്ലബ് മുന് സെക്രട്ടറി എം.രാധാകൃഷ്ണനെ ക്ലബ്ബിന്റെ പ്രാഥമികാംഗത്വത്തില് നിന്ന് പുറത്താക്കി.
 | 
സദാചാര ആക്രമണം; എം.രാധാകൃഷ്ണനെ പ്രസ് ക്ലബ് അംഗത്വത്തില്‍ നിന്ന് പുറത്താക്കി, രാജിവെച്ചവര്‍ക്കെതിരെ അന്വേഷണം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ സദാചാര ആക്രമണം നടത്തിയ സംഭവത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ് മുന്‍ സെക്രട്ടറി എം.രാധാകൃഷ്ണനെ ക്ലബ്ബിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി. ഇന്ന് ചേര്‍ന്ന ജനറല്‍ ബോഡി യോഗമാണ് തീരുമാനം എടുത്തത്. രാധാകൃഷ്ണനെ പിന്തുണക്കുകയും ആക്രമണത്തിന് ഇരയായ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ നിലപാട് എടുക്കുകയും ചെയ്ത ഭാരവാഹികളുടെ അംഗത്വം ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനമായി. രാധാകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് രാജിവെച്ചവര്‍ക്കെതിരെയാണ് നടപടി.

ഇമെയില്‍ വഴി അയച്ച കുറിപ്പ് വിശദീകരണമായി കണക്കാക്കണമെന്നായിരുന്നു രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് നടത്തിയ പരിശോധനയില്‍ വിശദീകരണം കുറ്റകൃത്യത്തോളം ഗുരുതരമാണെന്ന് ജനറല്‍ കമ്മിറ്റിക്ക് ബോധ്യമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമികാംഗത്വത്തില്‍ നിന്ന് ഇയാളെ പുറത്താക്കാന്‍ തീരുമാനിച്ചത്.

മാനേജിംഗ് കമ്മിറ്റി നേരത്തേ വെച്ച അന്വേഷണ സമിതിക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഈ സമിതിയെ റദ്ദാക്കുകയും ശ്രീദേവി പിള്ളയുടെ നേതൃത്വത്തില്‍ പുതിയ സമിതിയെ നിയോഗിക്കുകയും ചെയ്തു. രണ്ടാഴ്ചയ്ക്കകം കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കും. പ്രസിഡന്റ് സോണിച്ചന്‍ പി. ജോസഫ്,വൈസ് പ്രസിഡന്റ് ഹാരിസ് കുറ്റിപ്പുറം, സെക്രട്ടറി എം. രാധാകൃഷ്ണന്‍, ട്രഷറര്‍ എസ്. ശ്രീകേഷ്,മാനേജിങ് കമ്മിറ്റി അംഗങ്ങളായ പി. എം. ബിജുകുമാര്‍, രാജേഷ് കുമാര്‍ ആര്‍, ഹണി എച്ച്, ലക്ഷ്മി മോഹന്‍, വെല്‍ഫയര്‍ കമ്മിറ്റി അംഗം അജി കുമാര്‍ എന്നിവരാണ് രാജിവെച്ചത്. രാജി ജനറല്‍ ബോഡി അംഗീകരിച്ചു.

സെക്രട്ടറിക്കെതിരെ ഗുരുതരമായ ആരോപണം ഉയര്‍ന്നപ്പോള്‍ പ്രസ് ക്ലബ്ബിന്റെയും അംഗങ്ങളുടെയും അന്തസ് കെടുത്തുന്ന തരത്തില്‍ അപമാനകരമായ നടപടി സ്വീകരിക്കുകയും ഇരയായ പെണ്‍കുട്ടിക്കെതിരെ നിലപാട് എടുക്കുകയും സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ പ്രതിയായ രാധാകൃഷ്ണനെ സംരക്ഷിക്കുകയും പ്രസ് ക്ലബ്ബിനെ ഒളിസങ്കേതം ആക്കാന്‍ അനുവദിക്കുകയും ചെയ്ത അംഗങ്ങളുടെ നടപടി അന്വേഷിക്കാനും തീരുമാനമായി. ജനറല്‍ ബോഡി നിയോഗിച്ച സമിതി തന്നെ ഇവര്‍ക്കെതിരായ അന്വേഷണം നടത്തും.