പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസ്; സുരേഷ് ഗോപിക്കെതിരായ കുറ്റപത്രം കോടതി മടക്കി

പുതുച്ചേരിയില് കാര് രജിസ്ട്രേഷന് നടത്തി ലക്ഷകണക്കിന് രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയെന്ന കേസില് സുരേഷ് ഗോപി എംപിക്കെതിരായ കുറ്റപത്രം കോടതി മടക്കി.
 | 
പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസ്; സുരേഷ് ഗോപിക്കെതിരായ കുറ്റപത്രം കോടതി മടക്കി

തിരുവനന്തപുരം: പുതുച്ചേരിയില്‍ കാര്‍ രജിസ്‌ട്രേഷന്‍ നടത്തി ലക്ഷകണക്കിന് രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയെന്ന കേസില്‍ സുരേഷ് ഗോപി എംപിക്കെതിരായ കുറ്റപത്രം കോടതി മടക്കി. തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കുറ്റപത്രം മടക്കിയത്. കുറ്റപത്രം പരിഗണിക്കാന്‍ അധികാരമില്ലെന്നും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനും കോടതി പറഞ്ഞു.

പുതുച്ചേരിയില്‍ താമസക്കാരനാണെന്ന് വ്യാജരേഖ നിര്‍മിച്ച് വാഹന രജിസ്‌ട്രേഷന്‍ നടത്തി നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഏഴു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകളായിരുന്നു കുറ്റപത്രത്തില്‍ ക്രൈംബ്രാഞ്ച് ചുമത്തിയിരുന്നത്. സുരേഷ് ഗോപിയുടെ ഉടമസ്ഥതയിലുള്ള രണ്ട് കാറുകള്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് പുതുച്ചേരിയിലാണ് രജിസ്റ്റര്‍ ചെയ്തതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

വ്യാജ രേഖ ചമക്കല്‍, തെളിവു നശിപ്പില്‍, മോട്ടോര്‍വാഹനവകുപ്പിലെ വകുപ്പുകള്‍ എന്നിവയാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയത്. 19,60,000രൂപയുടെ നഷ്ടം ഇത്തരത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ സര്‍ക്കാരിന് വന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഈ കേസില്‍ സുരേഷ് ഗോപിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത ജാമ്യത്തില്‍ വിട്ടിരുന്നു.

അമല പോള്‍, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ക്കെതിരെയും സമാന കേസുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഫഹദ് ഫാസില്‍ പിഴയടച്ച് കേസില്‍ നിന്നും ഒഴിവായി. അമലപോളിന്റെ വാഹനം കേരളത്തില്‍ ഉപയോഗിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.