മൂന്നാറില്‍ ജീപ്പ് കൊക്കയിലേക്ക് പതിച്ച് രണ്ട് പേര്‍ മരിച്ചു

മൂന്നാര് പോതമേട്ടില് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര് മരിച്ചു
 | 
മൂന്നാറില്‍ ജീപ്പ് കൊക്കയിലേക്ക് പതിച്ച് രണ്ട് പേര്‍ മരിച്ചു

മൂന്നാര്‍: മൂന്നാര്‍ പോതമേട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. തൃശ്ശൂര്‍ വെറ്റിലപ്പാറ സ്വദേശി ചെരിവില്‍ കാലായില്‍ രാഗേഷ് (30), പത്തനാപുരം എ.ജി ഭവനില്‍ കെ. പുഷ്പാംഗദന്‍ (67) എന്നിവരാണ് മരിച്ചത്. മൂന്നാര്‍ സന്ദര്‍ശിക്കാന്‍ പോയ നാലംഗ സംഘം സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍ പെട്ടത്.

പാമ്പാടി സ്വദേശി അജയ്, കോതമംഗലം സ്വദേശി കുര്യാക്കോസ് എന്നിവര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. തിരികെ വരികയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് 200 അടി താഴ്ചയില്‍ ഏലത്തോട്ടത്തിലേക്കാണ് മറിഞ്ഞത്.

രാത്രിയായതിനാല്‍ അപകട വിവരം മറ്റാരും അറിഞ്ഞിരുന്നില്ല. അപകടത്തില്‍ പരിക്കേറ്റവര്‍ തന്നെയാണ് പോലീസിലേക്ക് വിളിച്ച് വിവരം അറിയിച്ചത്. തിരുവനന്തപുരം പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫോണിന്റെ ലൊക്കേഷന്‍ നോക്കിയാണ് അപകട സ്ഥലം കണ്ടെത്തിയത്.

ഇതേത്തുടര്‍ന്ന് മൂന്നാര്‍ പോലീസില്‍ വിവരം അറിയിക്കുകയും ഒരു മണിക്കൂറോളം തെരച്ചില്‍ നടത്തിയ ശേഷം അപകടം നടന്ന സ്ഥലം കണ്ടെത്തുകയുമായിരുന്നു. റോഡില്‍ നിന്ന് ഏറെ മാറിക്കിടന്നിരുന്ന വാഹനം ഹെഡ്‌ലൈറ്റ് ഓണായിരുന്നതിനാലാണ് കണ്ടെത്താന്‍ കഴിഞ്ഞത്.