ഇന്നത്തേത് അവസാന പ്രത്യക്ഷ സമരമെന്ന് ചെന്നിത്തല; യുഡിഎഫ് സമരങ്ങള്‍ ഉപേക്ഷിക്കുന്നു

വിവിധ വിഷയങ്ങളില് നടത്തി വരുന്ന സമരങ്ങള് ഉപേക്ഷിച്ച് യുഡിഎഫ്.
 | 
ഇന്നത്തേത് അവസാന പ്രത്യക്ഷ സമരമെന്ന് ചെന്നിത്തല; യുഡിഎഫ് സമരങ്ങള്‍ ഉപേക്ഷിക്കുന്നു

തിരുവനന്തപുരം: വിവിധ വിഷയങ്ങളില്‍ നടത്തി വരുന്ന സമരങ്ങള്‍ ഉപേക്ഷിച്ച് യുഡിഎഫ്. പ്രത്യക്ഷ സമരങ്ങള്‍ ഉപേക്ഷിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ന് നടക്കുന്നത് അവസാന പ്രത്യക്ഷ സമരമാണ്. ഘടകകക്ഷികളുമായി കൂടിയാലോചിച്ചാണ് ആള്‍ക്കൂട്ട സമരങ്ങള്‍ വേണ്ടെന്ന് തീരുമാനമെടുത്തതെന്നും ചെന്നിത്തല വ്യക്തമാക്കി. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമായെന്നും അതിന്റെ കുറ്റം സമരക്കാരുടെ തലയില്‍ കെട്ടിവെയ്‌ക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

സമരങ്ങളുടെ കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അറിയിച്ചു. ആരോഗ്യ നിയമങ്ങള്‍ പാലിച്ചു കൊണ്ട് മാത്രമേ സമരങ്ങള്‍ സാധ്യമാകൂ. സംസ്ഥാനത്തെ ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ താറുമാറായെന്നും മുല്ലപ്പള്ളി ആരോപിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു കൊണ്ടുള്ള സമരങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. കോവിഡ് വ്യാപനം പരിഗണിച്ചാണ് പ്രത്യക്ഷ സമരങ്ങളില്‍ നിന്ന് പിന്‍തിരിയുന്നതെന്നാണ് പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ യുഡിഎഫ് നടത്തിയ സമരങ്ങളില്‍ പങ്കെടുത്ത കെഎസ്‌യു പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ ആളുകള്‍ രോഗബാധിതരാകുന്നത് വലിയ വിമര്‍ശനങ്ങളിലേക്ക് നയിക്കാമെന്നതിനാലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് യുഡിഎഫ് എത്താന്‍ കാരണമെന്നാണ് വിലയിരുത്തുന്നത്.