പണ ലഭ്യത കുറയുന്നു; സമ്പദ് വ്യവസ്ഥയില്‍ അസാധാരണ പ്രതിസന്ധിയെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍

ഇന്ത്യന് സമ്പദ് വ്യവസ്ഥയില് അസാധാരണ പ്രതിസന്ധിയെന്ന് നീതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാര്.
 | 
പണ ലഭ്യത കുറയുന്നു; സമ്പദ് വ്യവസ്ഥയില്‍ അസാധാരണ പ്രതിസന്ധിയെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ അസാധാരണ പ്രതിസന്ധിയെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. പണ ലഭ്യത കുറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. 70 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഇങ്ങനെയൊരു സാഹചര്യത്തെ നാം നേരിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക വ്യവസ്ഥ മൊത്തമായി ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. സാമ്പത്തികരംഗം പ്രതിസന്ധിയിലാണെന്ന് സര്‍ക്കാര്‍ അംഗീകരിക്കണമെന്നും രാജീവ് കുമാര്‍ പറഞ്ഞു.

സ്വകാര്യമേഖലയില്‍ ഇക്കാര്യത്തില്‍ ഉയരുന്ന ആശങ്ക പരിഹരിക്കാന്‍ വേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി ചെയ്യണം. പണ ലഭ്യത കുറയുന്നത് ദാരിദ്ര്യത്തിലേക്ക് നയിക്കും. അത് തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചേ മതിയാകൂ. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ സാമ്പത്തിക വളര്‍ച്ച ഏറ്റവും മോശമായി മാറിയിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക വിദഗ്ദ്ധനായ നീതി ആയോഗ് ഉപാധ്യക്ഷന്റെ പ്രസ്താവന പുറത്തു വന്നിരിക്കുന്നത്.

ആരും ആരെയും വിശ്വസിക്കുന്നില്ല. സര്‍ക്കാരും സ്വകാര്യ മേഖലയും മാത്രമല്ല, സ്വകാര്യ മേഖലയില്‍ മറ്റൊരു വ്യവസായത്തിന് പണം കടം നല്‍കാന്‍ പോലും ആരും തയ്യാറാകുന്നില്ല. പ്രശ്‌നം പരിഹരിക്കാന്‍ അസാധാരണ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുകയും സ്വകാര്യ മേഖലയുടെ ആശങ്ക പരിഹരിക്കുകയും വേണമെന്ന് രാജീവ് കുമാര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ രാജ്യത്തിന്റെ ജിഡിപി 5.8 ശതമാനമായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഇത് 5.7 ശതമാനമായി കുറയുമെന്നാണ് പ്രവചനം.