Saturday , 25 January 2020
News Updates

പാസ് ചോദിച്ചപ്പോള്‍ കണ്ടക്ടറോട് തട്ടിക്കയറി; കെഎസ്ആര്‍ടിസി സൂപ്രണ്ടിനെതിരെ വിജിലന്‍സ് അന്വേഷണം; വീഡിയോ

തിരുവനന്തപുരം: പാസ് ചോദിച്ചപ്പോള്‍ വനിതാ കണ്ടക്ടര്‍ക്ക് നേരെ തട്ടിക്കയറിയ കെഎസ്ആര്‍ടിസി സൂപ്രണ്ടിനെതിരെ വിജിലന്‍സ് അന്വേഷണം. നെയ്യാറ്റിന്‍കര ഡിപ്പോ സൂപ്രണ്ട് മഹേശ്വരിക്കെതിരെയാണ് അന്വേഷണം. കണ്ടക്ടറുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണ് കേസെടുത്തത്. മഹേശ്വരി കണ്ടക്ടറോട് തട്ടിക്കയറുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി വിജിലന്‍സ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

അടൂര്‍ ഡിപ്പോയുടെ ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ കരമനയില്‍ നിന്ന് നെയ്യാറ്റിന്‍കരയിലേക്ക് ബസ് കയറിയ മഹേശ്വരി ടിക്കറ്റ് എടുക്കാനോ പാസ് കാണിക്കാനോ തയ്യാറായില്ല. പാസ് കാണിക്കണമെന്ന് കണ്ടക്ടര്‍ ആവര്‍ത്തിച്ചിട്ടും മഹേശ്വരി തയ്യാറായില്ല. താന്‍ ഡിപ്പോ സൂപ്രണ്ടാണെന്നും എല്ലാവര്‍ക്കും അറിയാമെന്നുമാണ് അവര്‍ അവകാശപ്പെട്ടത്.

നിനക്ക് പാസ് കാണിച്ചു തരില്ലെന്ന് ധാര്‍ഷ്ട്യം നിറഞ്ഞ മറുപടിയാണ് മഹേശ്വരി കണ്ടക്ടര്‍ക്ക് നല്‍കിയത്. പാസ് കാണിച്ചില്ലെങ്കില്‍ ടിക്കറ്റ് എടുക്കണമെന്ന് കണ്ടക്ടര്‍ പറഞ്ഞപ്പോള്‍ ടിക്കറ്റിന്റെ പൈസ നീ തന്നെ കൊടുത്തോ, അല്ലെങ്കില്‍ പരാതി കൊടുക്ക് എന്നും മഹേശ്വരി പറയുന്നു. യാത്രാ പാസുകള്‍ കര്‍ശനമായി പരിശോധിക്കണമെന്നും നമ്പര്‍ ടിക്കറ്റ് മെഷീനില്‍ രേഖപ്പെടുത്തണമെന്നുമാണ് കണ്ടക്ടര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

വീഡിയോ കാണാം

നെയ്യാറ്റിൻകര ഡിപ്പോയിലെ സൂപ്രണ്ട് മേഡത്തിന് KSRTC ബസിലെ നിയമങ്ങൾ ബാധകമല്ലേ……?

Posted by Vipin Navodaya on Friday, January 3, 2020

DONT MISS