വിക്രം ലാന്‍ഡര്‍ കണ്ടെത്തി; ആശയ വിനിമയത്തിന് ശ്രമിക്കുന്നുവെന്ന് ഐഎസ്ആര്‍ഒ

ചന്ദ്രയാന്-2 ദൗത്യത്തില് ചന്ദ്രനില് ഇറങ്ങുന്നതിന് നിമിഷങ്ങള്ക്ക് മുമ്പ് സിഗ്നല് നഷ്ടമായ വിക്രം ലാന്ഡര് കണ്ടെത്തി.
 | 
വിക്രം ലാന്‍ഡര്‍ കണ്ടെത്തി; ആശയ വിനിമയത്തിന് ശ്രമിക്കുന്നുവെന്ന് ഐഎസ്ആര്‍ഒ

ബംഗളൂരു: ചന്ദ്രയാന്‍-2 ദൗത്യത്തില്‍ ചന്ദ്രനില്‍ ഇറങ്ങുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് സിഗ്നല്‍ നഷ്ടമായ വിക്രം ലാന്‍ഡര്‍ കണ്ടെത്തി. ചന്ദ്രയാന്‍ ദൗത്യത്തിന്റെ ഓര്‍ബിറ്ററാണ് വിക്രം ലാന്‍ഡറിനെ കണ്ടെത്തിയത്. ലാന്‍ഡറിന്റെ തെര്‍മല്‍ ഇമേജ് ഓര്‍ബിറ്റര്‍ പകര്‍ത്തി. ചന്ദ്രന്റെ ഇരുട്ട് മൂടിയ ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡര്‍ എവിടെയാണെന്ന് വ്യക്തമായി മനസിലാക്കാന്‍ ഇതോടെ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചിരിക്കുകയാണ്. ലാന്‍ഡറുമായി ആശയ വിനിമയത്തിന് ശ്രമിക്കുകയാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ പറഞ്ഞു.

വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങുകയായിരുന്നോ, എന്ത് പിഴവാണ് സംഭവിച്ചിരിക്കുക തുടങ്ങിയ വിവരങ്ങള്‍ ചിത്രങ്ങളില്‍ നിന്ന് ലഭിക്കുമെന്നാണ് കരുതുന്നത്. ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ ഉദ്ദേശിച്ചിരുന്ന സ്ഥലത്തിന് 20 മീറ്റര്‍ മാറിയാണ് ലാന്‍ഡര്‍ കണ്ടെത്തിയതെന്നും സൂചനയുണ്ട്. ലാന്‍ഡറിനും ഇതിലുള്ള പ്രഗ്യാന്‍ റോവറിനും 14 ദിവസത്തെ ആയുസ്സാണ് ഉള്ളത്. ഈ കാലയളവിനുള്ളില്‍ ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍.

ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്ന ഓര്‍ബിറ്റര്‍ ശക്തമായ ഇന്‍ഫ്രാറെഡ് ക്യാമറകള്‍ ഉപയോഗിച്ചാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. നിലവില്‍ ലാന്‍ഡറിന്റെ അവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. ലാന്‍ഡറിലെ നാല് പേലോഡുകള്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന കാര്യവും ഉറപ്പു വരുത്തേണ്ടതുണ്ട്.