ബാലഭാസ്‌കര്‍ അന്തരിച്ചു

സംഗീതസംവിധായകന് ബാലഭാസ്കര് അന്തരിച്ചു. പുലര്ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. വാഹനാപകടത്തില് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം അനന്തപുരി ആശുപത്രിയില് വെന്റിലേറ്ററില് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സക്കിടെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ബോധം തെളിഞ്ഞിരുന്നു. നില മെച്ചപ്പെട്ടു വരുന്നതിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണം.
 | 

ബാലഭാസ്‌കര്‍ അന്തരിച്ചു

തിരുവനന്തപുരം: സംഗീതസംവിധായകന്‍ ബാലഭാസ്‌കര്‍ അന്തരിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സക്കിടെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ബോധം തെളിഞ്ഞിരുന്നു. നില മെച്ചപ്പെട്ടു വരുന്നതിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണം.

സെപ്റ്റംബര്‍ 25നാണ് അപകടമുണ്ടായത്. തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനു ശേഷം മടങ്ങുമ്പോള്‍ തിരുവനന്തപുരം പള്ളിപ്പുറത്തു വെച്ച് കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ബാലഭാസ്‌കറിന്റെ രണ്ടു വയസുള്ള മകള്‍ തേജസ്വിനി ബാല മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സഹപാഠികളായിരുന്ന ബാലഭാസ്‌കറും ലക്ഷ്മിയും 2000ലാണ് വിവാഹിതരായത്. പതിനാറു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇവര്‍ക്ക് തേജസ്വിനി പിറന്നത്. തേജസ്വനിയുടെ പേരിലുള്ള വഴിപാട് നടത്താനായിരുന്നു ഇവര്‍ തൃശ്ശൂരിലേക്ക് പോയത്. മൂന്നാം വയസില്‍ സംഗീതം അഭ്യസിച്ചു തുടങ്ങിയ ബാലഭാസ്‌കര്‍ 17-ാമത്തെ വയസില്‍ ഒരു ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചാണ് സിനിമയില്‍ അരങ്ങേറിയത്. എന്നാല്‍ ഫ്യൂഷന്‍ സംഗീത രംഗത്ത് വയലിനിസ്റ്റ് എന്ന നിലയിലായിരുന്നു അദ്ദേഹം പ്രശസ്തനായത്.

മംഗല്യപല്ലക്ക്, കണ്ണാടിക്കടവത്ത്, പാഞ്ചജന്യം, മോക്ഷം, പാട്ടിന്റെ പാലാഴി എന്നിവയാണ് അദ്ദേഹം സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രങ്ങള്‍. പഠിക്കുന്ന കാലത്തു തന്നെ സംഗീത ആല്‍ബങ്ങള്‍ നിര്‍മ്മിച്ചു. ഈസ്റ്റ് കോസ്റ്റിന് വേണ്ടി നിനക്കായ്, ആദ്യമായി തുടങ്ങിയ ആല്‍ബങ്ങള്‍ ശ്രദ്ധേയമായി. യേശുദാസ്, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ശിവമണി തുടങ്ങി നിരവധി പ്രമുഖര്‍ക്കൊപ്പം ഫ്യൂഷന്‍ ഷോകളും ചെയ്തിട്ടുണ്ട്.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിനു ശേഷം പൊതുദര്‍ശനത്തിനു വെക്കും. നാളെ ഉച്ചക്ക് 2 മണിക്ക് പൂജപ്പുരയിലെ വീട്ടിലാണ് സംസ്‌കാരം.