വി.എസിനെതിരെയുള്ള പ്രമേയം റദ്ദാക്കില്ല

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ പ്രമേയം റദ്ദാക്കില്ല. സംസ്ഥാന സമ്മേളനത്തിനിടെ ചേർന്ന അവെയ്ലബിൾ പോളിറ്റ്ബ്യൂറോ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
 | 

വി.എസിനെതിരെയുള്ള പ്രമേയം റദ്ദാക്കില്ല
ആലപ്പുഴ: 
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ പ്രമേയം റദ്ദാക്കില്ല. സംസ്ഥാന സമ്മേളനത്തിനിടെ ചേർന്ന അവെയ്‌ലബിൾ പോളിറ്റ്ബ്യൂറോ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. പ്രമേയത്തിൽ പാർട്ടി വിരുദ്ധനെന്ന് വിശേഷിപ്പിച്ചത് നീക്കണമെന്ന വി.എസിന്റെ ആവശ്യവും പി.ബി തള്ളി. വി.എസ് ഉന്നയിച്ച മറ്റാവശ്യങ്ങൾ കേന്ദ്ര കമ്മിറ്റിയിൽ പരിഗണിക്കാമെന്നു യോഗം തീരുമാനിച്ചു.

ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്.രാമചന്ദ്രൻ പിള്ള, സീതാറാം യെച്ചൂരി, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ.ബേബി എന്നിവർ പങ്കെടുത്തു. പ്രമേയം റദ്ദാക്കിയാൽ വി.എസിന് മുൻപിൽ പാർട്ടി കീഴടങ്ങിയെന്ന തോന്നലുണ്ടാവും. ഇത് പാർട്ടിയെ ദോഷകരമായി ബാധിക്കുമെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. സംസ്ഥാന നേതൃത്വത്തിന്റെ ഈ നിലപാടിനോട് കാരാട്ടും യോജിച്ചു.

വി.എസിനെ പാർട്ടിയിൽ നിലനിർത്തണമെന്ന് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടിരുന്നു. ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളും വി.എസിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്.