മലബാർ ഗോൾഡിനെതിരായ സമരത്തിൽ വിടി ബൽറാമും

മലബാർ ഗോൾഡിന്റെ ആഭരണ നിർമ്മാണ ശാലക്കെതിരായ സമരത്തിൽ വിടി ബൽറാം എം.എൽ.എയും. യൂത്ത് കോൺഗ്രസ് വള്ളിക്കുന്ന് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഐക്യദാർഡ്യ പ്രഖ്യാപന ചടങ്ങിലാണ് വിടി ബൽറാം പങ്കെടുക്കുന്നത്. 27ന് വെള്ളിയാഴ്ച്ച 10 മണിക്കാണ് പരിപാടി നടക്കുക.
 | 

മലബാർ ഗോൾഡിനെതിരായ സമരത്തിൽ വിടി ബൽറാമും
കോഴിക്കോട്:
മലബാർ ഗോൾഡിന്റെ ആഭരണ നിർമ്മാണ ശാലക്കെതിരായ സമരത്തിൽ വിടി ബൽറാം എം.എൽ.എയും. യൂത്ത് കോൺഗ്രസ് വള്ളിക്കുന്ന് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഐക്യദാർഡ്യ പ്രഖ്യാപന ചടങ്ങിലാണ് വിടി ബൽറാം പങ്കെടുക്കുന്നത്. 27ന് വെള്ളിയാഴ്ച്ച 10 മണിക്കാണ് പരിപാടി നടക്കുക. ഐക്യദാർഢ്യ ചടങ്ങുകളുടെ ഭാഗമായി 28ന് കോ-ഓപ്പറേറ്റീവ് കോളജിലെ വിദ്യാർഥികളുടെ സമരവും അരങ്ങേറും. മാർച്ച് ഒന്നിന് സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്ന കവിയരങ്ങും നടക്കും.

67-ാം ദിനത്തിലേക്ക് കടക്കുന്ന സമരത്തിന് വിവിധ സംഘടനകളാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിൽ എത്തിയത്. കിൻഫ്ര പാർക്കിലെ രണ്ട് ഏക്കർ 25 സെന്റ് സ്ഥലത്താണ് മലബാർ ഗോൾഡിന്റെ ആഭരണ നിർമ്മാണശാല പ്രവർത്തിക്കുന്നത്. പ്രതിദിനം 120 കിലോ സ്വർണ്ണാഭരണങ്ങൾ നിർമ്മിക്കാൻ കഴിയുന്ന പ്ലാന്റാണ് കാക്കഞ്ചേരിയിലേത്. പൊട്ടാസ്യം സൈനേഡും, കാഡ്മിയവും, സിങ്കും, നിക്കലും, കോപ്പർ ഓക്‌സൈഡുകളും ആസിഡ് മാലിന്യങ്ങളും, വാതകങ്ങളും ചേർന്ന് നാടിനെ ദുരിതത്തിലാഴ്ത്തുമെന്നാണ് പ്രദേശവാസികൾ ഭയക്കുന്നത്. ദിനംപ്രതി മൂന്ന് ലക്ഷം ലിറ്റർ വെള്ളമാണ് ജ്വല്ലറിയുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് വേണ്ടത്.

റെഡ് ക്യാറ്റഗറി വിഭാഗത്തിൽ വരുന്ന ആഭരണ നിർമ്മാണ ശാല കിൻഫ്രയുടെ ഫുഡ് പാർക്കിൽ വരുന്നതിന് എതിരെ വ്യവസായ പാർക്കിലെ സ്ഥാപനങ്ങളും സമരത്തിലാണ്. സ്ഥാപനം വന്നാൽ ഫുഡ് പ്രോസസിംഗ് കമ്പനികൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ കഴിയാത്ത സ്ഥിതി വരും. കയറ്റുമതി നിയമങ്ങൾക്ക് എതിരാണ് ഇക്കാര്യം.