വൈറ്റില മേല്‍പ്പാലത്തിലൂടെ ട്രെയിലറുകള്‍ക്ക് കടന്നു പോകാന്‍ സാധിക്കില്ലേ? വ്യാജ പ്രചാരണത്തിലെ യാഥാര്‍ത്ഥ്യമെന്ത്

മേല്പ്പാലത്തിന് മുകളിലൂടെ കടന്നു പോകുന്ന മെട്രോ പാലവുമായി 6 മീറ്റര് മാത്രമാണ് ഉയര വ്യത്യാസമുള്ളതെന്നു അതുകൊണ്ടു തന്നെ വാഹനങ്ങള് ഇവിടെയെത്തുമ്പോള് കുനിയേണ്ടി വരുമെന്നുമായിരുന്നു വീഡിയോയിലെ പ്രധാന ആരോപണം.
 | 
വൈറ്റില മേല്‍പ്പാലത്തിലൂടെ ട്രെയിലറുകള്‍ക്ക് കടന്നു പോകാന്‍ സാധിക്കില്ലേ? വ്യാജ പ്രചാരണത്തിലെ യാഥാര്‍ത്ഥ്യമെന്ത്

കൊച്ചി: കേരളത്തിലെ പ്രധാനപ്പെട്ട ജംഗ്ഷനുകളില്‍ ഒന്നാണ് കൊച്ചിയിലെ വൈറ്റില ജംഗ്ഷന്‍. ഇവിടത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി നിര്‍മിച്ച മേല്‍പ്പാലത്തിലൂടെ വലിയ ട്രക്കുകള്‍ക്കും ട്രെയിലറുകള്‍ക്കും കടന്നു പോകാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയില്‍ ആരോപണം ഉന്നയിച്ചിരുന്നു. നിരവധി ഫോളോവേഴ്‌സ് ഉള്ള പച്ചക്ക് പറയുന്നു എന്ന യൂട്യൂബ് അക്കൗണ്ടിലും ഫെയിസ്ബുക്ക് പേജിലുമാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. മേല്‍പ്പാലത്തിന് മുകളിലൂടെ കടന്നു പോകുന്ന മെട്രോ പാലവുമായി 6 മീറ്റര്‍ മാത്രമാണ് ഉയര വ്യത്യാസമുള്ളതെന്നും അതുകൊണ്ടു തന്നെ വാഹനങ്ങള്‍ ഇവിടെയെത്തുമ്പോള്‍ കുനിയേണ്ടി വരുമെന്നുമായിരുന്നു വീഡിയോയിലെ പ്രധാന ആരോപണം.

എന്നാല്‍ ഇതില്‍ യാഥാര്‍ത്ഥ്യമില്ല എന്നതാണ് വാസ്തവം. ദേശീയ ഉപരിതല ഗതാഗത അതോറിറ്റിയുടെ മാനദണ്ഡം അനുസരിച്ച് റോഡുകള്‍ക്കും പാലങ്ങള്‍ക്കും മുകളില്‍ 5.5 മീറ്റര്‍ മാത്രം ക്ലിയറന്‍സ് ഉണ്ടായാല്‍ മതി. വൈറ്റില മേല്‍പ്പാലവും മെട്രോ വയാഡക്ടും തമ്മില്‍ 6 മീറ്റര്‍ ക്ലിയറന്‍സ് ഉണ്ടെന്നിരിക്കെ ഏതു വാഹനങ്ങള്‍ക്കും അനായാസം ഇതുവഴി കടന്നു പോകാം. പാലത്തിന്റെ നിര്‍മാണം ആരംഭിച്ച ഘട്ടത്തിലും ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടന്നിരുന്നു. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ അക്കാര്യത്തില്‍ വിശദീകരണം നല്‍കിയതുമാണ്.

മേല്‍പ്പാലത്തിന്റെ നിര്‍മാണം ആരംഭിച്ചിട്ട് 5 വര്‍ഷം പിന്നിട്ടുവെന്നും ആരോപണമുണ്ട്. എന്നാല്‍ 2017 ഡിസംബറിലാണ് പാലം നിര്‍മാണം ആരംഭിച്ചത്. ഇപ്പോള്‍ പാലത്തിന്റെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായിരിക്കുകയാണ്.