യൂണിവേഴ്‌സിറ്റി കോളേജില്‍ തെളിവെടുപ്പ്; അഖിലിനെ കുത്തിയ കത്തി കണ്ടെടുത്തു

യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസില് തെളിവെടുപ്പ്.
 | 
യൂണിവേഴ്‌സിറ്റി കോളേജില്‍ തെളിവെടുപ്പ്; അഖിലിനെ കുത്തിയ കത്തി കണ്ടെടുത്തു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസില്‍ തെളിവെടുപ്പ്. അറസ്റ്റിലായ മുഖ്യ പ്രതികളെ കോളേജിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. അഖിലിനെ കുത്താനുപയോഗിച്ച കത്തി കോളേജിനുള്ളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തും നസീമും കത്തി എടുത്ത് നല്‍കുകയായിരുന്നു. അഖിലിന് കുത്തേറ്റ സ്ഥലത്തിനടുത്ത് തന്നെ ചവറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കത്തി.

യൂണിയന്‍ ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന മുറിയിലും തെളിവെടുപ്പ് നടത്തി. നിരവധി തവണ ചോദ്യം ചെയ്ത ശേഷമാണ് കത്തിയൊളിപ്പിച്ച സ്ഥലം പ്രതികള്‍ കാണിച്ചതെന്ന് പോലീസ് അറിയിച്ചു. കേസിലെ ഏറ്റവും നിര്‍ണ്ണായകമായ തെളിവാണ് കണ്ടെത്തിയിരിക്കുന്നത്. കേസില്‍ ഇതുവരെ ആറ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 26 പ്രതികളില്‍ 16 പേരെ മാത്രമേ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളു.

രണ്ടാം പ്രതിയായ നസീം തന്നെ പിടിച്ചു നിര്‍ത്തിയെന്നും ശിവരഞ്ജിത്ത് കുത്തിയെന്നുമാണ് പരിക്കേറ്റ അഖില്‍ നല്‍കിയിരിക്കുന്ന മൊഴി. പിടിയിലാകാനുള്ള പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.