Wednesday , 20 January 2021
News Updates

എന്താണ് ഫാസ്റ്റാഗ്? ഡിസംബര്‍ മുതല്‍ നിര്‍ബന്ധിതമാക്കുന്ന ടോള്‍ പിരിവ് സമ്പ്രദായം പരിചയപ്പെടാം

ഡിസംബര്‍ ഒന്നാം തിയതി മുതല്‍ രാജ്യമൊട്ടാകെ വാഹനങ്ങളില്‍ ഫാസ്റ്റാഗ് എന്ന ഇലക്ട്രോണിക് ടോള്‍ പിരിവ് സമ്പ്രദായം നിര്‍ബന്ധമാക്കുന്നു. വാഹനങ്ങളുടെ മുന്‍വശത്ത് വിന്‍ഡ് സ്‌ക്രീനില്‍ ഒട്ടിക്കുന്ന ഫാസ്റ്റാഗ് കാര്‍ഡുകളിലൂടെയാണ് ഇത് സാധ്യമാകുന്നത്. വിദേശരാജ്യങ്ങളില്‍ സര്‍വസാധാരണമായ ഈ സാങ്കേതികത എന്താണെന്ന് വിശദീകരിക്കുകയാണ് സുജിത് കുമാറിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്. ഫാസ്റ്റാഗ് തട്ടിപ്പുകള്‍ തടയാനുള്ള സംവിധാനങ്ങളെക്കുറിച്ചും പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ട്.

പോസ്റ്റ് വായിക്കാം

ഡിസംബര്‍ ഒന്നാം തീയ്യതി മുതല്‍ ഇന്ത്യയില്‍ ഫാസ്റ്റാഗ് എന്ന ഇലക്ട്രോണിക് ടോള്‍ പിരിവു സമ്പ്രദായം നിര്‍ബന്ധമാക്കിയിരിക്കുകയാണല്ലോ. ഈ സാഹചര്യത്തില്‍ ഫാസ്റ്റാഗ് സാങ്കേതികവിദ്യയെക്കുറിച്ച് ചില കാര്യങ്ങള്‍.

Indian Highways Management Company Limited (IHMCL) നാഷണല്‍ ഇലക്ട്രോണിക് ടോള്‍ കളക്ള്‍ഷന്‍ പദ്ധതിയുടെ ഭാഗമായി National Payment Corporation of India യുടെ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കിയ ടോള്‍ പിരിവു സംവിധാനം ആണ് ഫാസ്റ്റ്ടാഗ് (Fastag). ഫാസ്റ്റാഗ് എന്നത് കോള്‍ഗേറ്റും ക്ലോസപ്പും ഉജാലയും പോലെയൊക്കെയുള്ള ഒരു ബ്രാന്‍ഡ് നേം മാത്രം. ഇന്ത്യയില്‍ ഇത്തരത്തില്‍ ഇലക്ട്രൊണിക് ടോള്‍ ടാക്‌സ് കളക്ള്‍ഷന്‍ പദ്ധതി നിലവില്‍ വന്നത് 2014 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആയിരുന്നു എങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ പല വിദേശ രാജ്യങ്ങളും ഇത് നിലവില്‍ ഉള്ളതാണ്.

Radio Frequency Identification (RFID) സാങ്കേതിക വിദ്യയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. അതായത് ഓഫീസുകളില്‍ അറ്റന്‍ഡന്‍സിനും മെട്രോ ട്രയിനുകളില്‍ യാത്രയ്ക്കുമൊക്കെ ഉപയോഗിക്കുന്ന RFID കാര്‍ഡുകളെ ഇവിടെ ഫാസ്റ്റാഗ് എന്ന പേരിട്ട് വിളിക്കുന്നു. വാഹനങ്ങള്‍ ടോള്‍ ബൂത്തിലൂടെ കടന്നു പോകുമ്പോള്‍ മുന്‍വശത്ത് ഒട്ടിച്ചിരിക്കുന്ന ഫാസ്റ്റാഗ് കാര്‍ഡുകള്‍ ടോള്‍ ബൂത്തുകളിലെ റീഡറുകള്‍ സെന്‍സ് ചെയ്യുകയും നിമിഷ നേരങ്ങള്‍ കൊണ്ട് തന്നെ കാര്‍ഡിലെ ബാലന്‍സും കാര്‍ഡിന്റെ ആധികാരികതയുമൊക്കെ വിലയിരുത്തി ടോള്‍ ടാക്‌സ് ഓട്ടോമാറ്റിക് ആയിത്തന്നെ കാര്‍ഡ് ബാലന്‍സില്‍ നിന്നും കുറയ്ക്കുകയും ചെയ്യുന്നതാണ് ഈ സാങ്കേതിക വിദ്യ. ഫാസ്റ്റാഗിനെക്കുറിച്ച് പറയുമ്പോള്‍ അതിലെ അടിസ്ഥാന സാങ്കേതിക വിദ്യയായ ആര്‍ എഫ് ഐഡിയെക്കുറിച്ച് ചില വിവരങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

”സാധനം കയ്യിലുണ്ടോ ..” എന്ന് ചോദിക്കുമ്പോള്‍ മറു കോഡ് ആയി ”സാധനം കയ്യിലുണ്ട്..” എന്ന് പറഞ്ഞുകൊണ്ട് മുന്‍ നിശ്ചയിക്കപ്പെട്ട കോഡുകളൂം മറു കോഡുകളും ഉപയോഗിച്ച് മുന്‍ പരിചയമില്ലാത്തവര്‍ക്ക് തിരിച്ചറിയാന്‍ സഹായകമാകുന്ന ഒരു സമ്പ്രദായം മോഹന്‍ ലാലും ശ്രീനിവാസനും ആവിഷ്‌കരിച്ചിരുന്നല്ലോ. അതുപോലെ റേഡിയോ റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് കോഡുകളും മറു കോഡുകളും ഉപയോഗിച്ച് വസ്തുക്കളെ തിരിച്ചറിയുന്ന സാങ്കേതിക വിദ്യയ്ക്ക് പറയുന്ന പേരാണ് Radio Frequency Identification അഥവാ RFID. രണ്ടാം ലോകമഹാ യുദ്ധകാലത്ത് തന്നെ ഈ സാങ്കേതിക വിദ്യ ശത്രുവിമാനങ്ങള്‍ക്കിടയില്‍ നിന്നും സ്വന്തം വിമാനങ്ങളെ റേഡിയോ ഫ്രീക്വന്‍സി ഉപയോഗിച്ച് വേര്‍തിരിച്ചറിയാനുള്ള Identification of freind or foe (IFF) സാങ്കേതിക വിദ്യ ബ്രിട്ടീഷ് എയര്‍ഫോഴ്‌സ് ആവിഷ്‌കരിച്ചിരുന്നു. അതിന്റെയൊക്കെ ഒരു ആധുനിക രൂപമാണ് ഇത്.

തിരിച്ചറിയപ്പെടേണ്ട വസ്തുക്കളില്‍ ഘടിപ്പിക്കാവുന്നതോ വ്യക്തികള്‍ക്ക് കൊണ്ടു നടക്കാവുന്നതോ ആയ ടോക്കണുകളുടെയും സ്റ്റിക്കറുകളുടെയും കാര്‍ഡുകളുടെയുമൊക്കെ രൂപത്തിലുള്ള RFID ടാഗുകളും ഇവയെ തിരിച്ചറിയാനായി ഉപയോഗിക്കുന്ന RFID റീഡറുകളും അടങ്ങിയതാണ് RFID സിസ്റ്റത്തിന്റെ അടിസ്ഥാന ഘടന. ആക്റ്റീവ് RFID , പാസ്സിവ് RFID എന്നിങ്ങനെ രണ്ട് തരത്തിലുള്ള ടാഗുകള്‍ ആണ് പൊതുവേ നിലവിലുള്ളത്. ഇവയില്‍ തന്നെ രണ്ട് വിഭാഗങ്ങള്‍ വേറെയുമുണ്ട് പ്രോഗ്രാമബിളും നോണ്‍ പ്രോഗ്രാമബിളും. ആക്റ്റിവ് ആര്‍ എഫ് ഐഡി കാര്‍ഡുകള്‍ എന്നാല്‍ ബാറ്ററിയിലൂടെ പവര്‍ ആവശ്യമായ കാര്‍ഡുകള്‍ ആണ്. ഇതേ സമയം പാസീവ് ആര്‍ എഫ് ഐഡി ടാഗുകളില്‍ സ്വന്തമായി ബാറ്ററി ഉണ്ടായിരിക്കുകയില്ല. മെട്രോകളില്‍ ഉപയോഗിക്കുന്ന കാര്‍ഡ്, വൈഫൈ ചിഹ്നമുള്ള നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവയൊക്കെ പാസീവ് ആര്‍ എഫ് ഐഡി കാര്‍ഡുകള്‍ക്ക് ഉദാഹരണമാണ്. അപ്പോള്‍ സ്വാഭാവികമായും ഒരു സംശയം ഉണ്ടാകും സ്വന്തമായി ബാറ്ററിയോ പവര്‍ സപ്ലെയോ ഇല്ലാതെ ഈ ടാഗ് കൊഡ് പറയുമ്പോള്‍ എങ്ങിനെ മറു കോഡ് പറയും? മറു കോഡ് ട്രാന്‍സ്മിറ്റ് ചെയ്യണമെങ്കില്‍ പവര്‍ വേണ്ടേ? ഇവിടെയാണ് Energy Harvesting എന്ന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത്. പാസ്സീവ് RFID സിസ്റ്റത്തില്‍ ടാഗുകള്‍ക്ക് മറുകോഡ് ട്രാന്‍സ്മിറ്റി ചെയ്യാന്‍ ആവശ്യമായ പവര്‍ കൂടി നല്‍കുന്നത് റീഡറുകള്‍ തന്നെയാണ്. ഒരു ആന്റിനയും ചെറിയൊരു ചിപ്പും ആ ചിപ്പില്‍ പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്ന കോഡും ചേര്‍ന്നതാണ് പാസീവ് ആര്‍ എഫ് ഐഡി ടാഗുകള്‍. ആര്‍ എഫ് ഐഡി റീഡറുകളൂടെ ശക്തമായ റേഡിയോ ഫീല്‍ഡില്‍ വരുമ്പോള്‍ അതില്‍ നിന്നും ചിപ്പ് പ്രവര്‍ത്തിക്കാനാവശ്യമായ പവര്‍ സപ്ലേ വയര്‍ ലെസ് ആയിത്തന്നെ ലഭ്യമാകും. അപ്പോള്‍ മറ്റൊരു സംശയം വരാം ഇത്രയധികം പവര്‍ ഒക്കെ ഇങ്ങനെ വയര്‍ ലെസ് ആയി കിട്ടുമോ എന്ന്.. അത്രയധികം പവര്‍ ഒന്നും ഇതിന് ആവശ്യമില്ല. ഏതാനും മൈക്രോ ആമ്പിയര്‍ /മില്ലി ആമ്പിയര്‍ കറന്റ് മാത്രമേ ഇതിനായി ആവശ്യം വരുന്നുള്ളൂ. പിന്നെ ഇത്തരം കാര്‍ഡുകള്‍ കോഡുകള്‍ ട്രാന്‍സ്മിറ്റ് ചെയ്യുക അല്ല ചെയ്യുന്നത്. ട്രാന്‍സ്മിറ്റ് ചെയ്യുകയാണെങ്കില്‍ കൂടുതല്‍ പവര്‍ വേണ്ടി വരും അതിനു പകരമായി റീഡറിന്റെ ഇലക്ട്രോ മാഗ്‌നറ്റിക് ഫീല്‍ഡില്‍ പ്രോഗ്രാം ചെയ്യപ്പെട്ട കോഡുകള്‍ക്കനുസരിച്ച് വ്യതിയാനങ്ങള്‍ വരുത്തി അത് റീഡറുകളെ മനസ്സിലാക്കിക്കൊടുക്കുന്ന ‘ബാക് സ്‌കാറ്ററിംഗ്’ എന്ന ഒരു സാങ്കേതിക വിദ്യയാണ് പൊതുവേ പാസീവ് ആര്‍ എഫ് ഐഡി ഉപയോഗിക്കുന്നത്. ഇതുകൊണ്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ട് അതായത് റീഡര്‍ക്കും ടാഗിനും ഇടയിലുള്ള ദൂരം ഒരു വിഷയമാണ്. എത്രത്തോളം ദൂരം കുറഞ്ഞിരിക്കുന്നുവോ അത്രത്തോളം കൃത്യമായും വേഗത്തിലും ഫലപ്രദമായും ടാഗുകള്‍ റീഡ് ചെയ്യാന്‍ കഴിയും. അതുകൊണ്ടാണ് മെട്രോ കാര്‍ഡുകളും ടോക്കണുകളുമൊക്കെ റീഡറുകള്‍ തൊടേണ്ടി വരുന്നത്. ഈ ദൂരപരിധി കൂട്ടണമെങ്കില്‍ ഒന്നുകില്‍ കാര്‍ഡുകളിലും ടോക്കണുകളിലും ബാറ്ററികളും മറ്റുമുപയോഗിച്ച് അവയെ ആക്റ്റീവ് ആക്കേണ്ടി വരും. അല്ലെങ്കില്‍ കൂടുതല്‍ ശക്തമായ ഇലക്ട്രിക് ഫീല്‍ഡ് നല്‍കാന്‍ കഴിയുന്ന റീഡറുകള്‍ ഉപയോഗിക്കേണ്ടി വരും. അതോടൊപ്പം കൂടുതല്‍ ഊര്‍ജം കാര്‍ഡുകള്‍ക്ക് ലഭിക്കാനായി അവയുടെ സെന്‍സിംഗ് ആന്റിനയിലെ കമ്പിച്ചുരുളുകളുടെ ഇണ്ണം കൂട്ടേണ്ടി വരും. പൊതുവെ ബാറ്ററിയൊക്കെ ഇത്തരം കാര്‍ഡുകളില്‍ ഉപയോഗിക്കുന്ന അപ്രായോഗികമായതിനാല്‍ പാസീവ് ആര്‍ എഫ് ഐഡി സിസ്റ്റങ്ങള്‍ തന്നെ അവയുടെ പരിമിതികള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഉപയോഗിക്കുകയാണ് പതിവ്. ഇത്തരത്തിലുള്ള പാസീവ് ആര്‍ എഫ് ഐഡികള്‍ തന്നെ രണ്ടു തരത്തിലുള്‌ലവയുണ്ട്. ഒന്ന് നിര്‍മ്മിക്കപ്പെടുന്ന അവസരത്തില്‍ തന്നെ അതില്‍ യുണീക് ആയ ഒരു കോഡ് പ്രോഗ്രാം ചെയ്ത് പിന്നീട് തിരുത്താന്‍ കഴിയാത്ത നോണ്‍ പ്രോഗ്രാമബിള്‍ ടാഗുകളും ആവശ്യാനുസരണം പ്രോഗ്രാം ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന പ്രോഗ്രാമബിള്‍ ടാഗുകളും. വിസ്താരഭയത്താല്‍ ആര്‍ എഫ് ഐഡികളെക്കുറിച്ച് കൂടുതല്‍ പറഞ്ഞ് വിഷയത്തില്‍ നിന്നും മാറിപ്പോകുന്നില്ല.

ഫാസ്റ്റാഗിലേക്ക് തന്നെ തിരിച്ചു വരാം. ഫാസ്റ്റാഗും ഒരു പാസീവ് ആര്‍ എഫ് ഐഡി തന്നെയാണ്. ഇതില്‍ മുന്‍നിശ്ചയിക്കപ്പെട്ട ഒരു വണ്‍ ടൈം പ്രോഗ്രാമബിള്‍ കോഡ് പ്രോഗ്രാം ചെയ്ത് കയറ്റിയിട്ടുണ്ടായിരിക്കും. HDFC, ICICI, PNB തുടങ്ങിയ ബാങ്കുകള്‍ വഴി നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ നല്‍ക് ഫാസ്റ്റാഗ് വാങ്ങാന്‍ കഴിയുന്നതാണ് (http://www.fastag.org/apply-online). ഫാസ്റ്റാഗില്‍ ഈ പറയുന്ന വ്യക്തിവിവരങ്ങള്‍ ഒന്നും തന്നെ പ്രോഗ്രാം ചെയ്യപ്പെടുന്നില്ല മറിച്ച് ഒരു യുണീക് കോഡ് മാത്രമാണ് ഇതില്‍ ഉണ്ടാവുക. 200 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി കാര്‍ഡ് ബാലന്‍സില്‍ ബ്ലോക്ക് ആയി കിടക്കും. തുടര്‍ന്ന് പ്രത്യേകമായി റീചാര്‍ജ് ചെയ്യാനോ അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും ബാലന്‍സ് തുക നിശ്ചിത പരിധിയില്‍ കുറയുമ്പോള്‍ ഓട്ടോമാറ്റിക് ആയി റീചാര്‍ജ് ചെയ്യാനോ ഒക്കെയുള്ള സൗകര്യങ്ങള്‍ ഉണ്ട്. ഒരു വാഹനത്തിന് ഒരു ടാഗ് മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. അതുപോലെ ഒരു ടാഗ് ഒന്നിലധികം വാഹനങ്ങളില്‍ ഉപയോഗിക്കുവാനും അനുവാദമില്ല.

ഫാസ്റ്റാഗ് സിസ്റ്റത്തില്‍ പ്രധാനമായും മൂന്നു ഭാഗങ്ങള്‍ ആണുള്ളത്.

1. ഫാസ്റ്റാഗ് എന്നറിയപ്പെടുന്ന വാഹനങ്ങളിലെ RFID സ്റ്റിക്കര്‍ ടാഗ്.
2. ടോള്‍ പ്ലാസകളിലെ റീഡറുകളും മറ്റ് സെന്‍സറുകളും കാമറകളും അവയുമായി ബന്ധപ്പെടുത്തിയ സര്‍വ്വറുകളും അടങ്ങിയ സംവിധാനം.
3. നാഷണല്‍ ഇലക്ട്രോണിക് ടോള്‍ കളക്ള്‍ഷന്‍ സെര്‍വ്വറുകളൂം പേയ്‌മെന്റ് ഗേറ്റ് വേകളും.

ഓരോ വിഭാഗത്തില്‍ പെടുന്ന വാഹങ്ങള്‍ക്കും ടോള്‍ വ്യത്യസ്തമായതിനാലും കാറിന്റെ പേരില്‍ വാങ്ങിയ ടാഗ് ലോറിയില്‍ ഒട്ടിച്ച് വെട്ടിപ്പ് നടത്താതിരിക്കാനുമൊക്കെയായി ടോള്‍ പ്ലാസകളില്‍ ടാഗ് റീഡറുകള്‍ക്ക് പുറമേ വാഹങ്ങള്‍ ഏത് വിഭാഗത്തില്‍ പെടുന്നു എന്ന് സ്വയം തിരിച്ചറിയാനുള്ള Automatic Vehicle Classification (AVC) എന്ന സംവിധാനം ഉണ്ടായിരിക്കും. ഇന്‍ഫ്രാ റെഡ് സെന്‍സറുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഈ സംവിധാനത്തില്‍ വാഹനങ്ങള്‍ ഏത് വിഭാഗത്തില്‍ പെടുന്നവയാണെന്ന് പെട്ടന്ന് തിരിച്ചറിയാന്‍ കഴിയുന്നു. ഭാര വാഹനങ്ങളുടെ ടോള്‍ ടാക്‌സിലും വ്യത്യാസമുള്ളതിനാല്‍ വാനങ്ങളുടെ ഭാരം അവ ചലിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ മനസ്സിലാക്കാന്‍ കഴിയുന്ന Weight-in-motion (WIM) സെന്‍സര്‍ സംവിധാനങ്ങളും ഇതോടൊപ്പം ഉണ്ട്. പിന്നെ വരുന്ന സി സി ടിവി ക്യാമറകള്‍ ആണ്. അതായത് നിങ്ങളുടെ വാഹനം ടോള്‍ ലൈനില്‍ കയറുമ്പൊള്‍ തന്നെ ടാഗിലെ യുണീക് കോഡ് റീഡ് ചെയ്യപ്പെടുന്നു അതോടൊപ്പം AVC യും WIM ഉം ഉപയോഗപ്പെടുത്തി ഇത് മൂന്നും തരതമ്യം ചെയ്ത് ഡേറ്റാബേസുമായി മാച്ച് ചെയ്ത് ടോള്‍ ടാക്‌സ് ബാലന്‍സില്‍ നിന്നും ഈടാക്കുന്നു. ഇതേ സമയം തന്നെ ക്യാമറ വാഹനത്തിന്റെ ഒരു ഫോട്ടോകള്‍ കൂടി എടുത്ത് ടൈംസ്റ്റാമ്പോടുകൂടി കമ്പ്യൂട്ടറുകളില്‍ സൂക്ഷിക്കപ്പെടുന്നു. പിന്നീട് എന്തെങ്കിലും പരാതികളോ തട്ടിപ്പുകളോ മറ്റോ ഉണ്ടാകുമ്പോള്‍ അവ പരിശോധിക്കാന്‍ ഇത് സഹായകമാകുന്നു.

== ഫാസ്റ്റാഗ് സുരക്ഷിതത്വം ==

വര്‍ഷങ്ങളായി വിദേശ രാജ്യങ്ങളിലൊക്കെ നിലനിന്നിരുന്ന അത്യാവശ്യം തഴക്കവും പഴക്കവുമൊക്കെയുള്ള ഒരു സാങ്കേതിക വിദ്യ ആയതിനാല്‍ ഇതിനു മുന്‍പ് ഉണ്ടായിരുന്ന തട്ടിപ്പുകളും വെട്ടിപ്പുകളുമൊക്കെ മനസ്സിലാക്കി അവ ഒഴിവാക്കാനുള്ള അടിസ്ഥാന മുന്‍കരുതലുകള്‍ ഫാസ്റ്റാഗിന്റെ കാര്യത്തിലും എടുത്തിട്ടുണ്ട് എന്നാണ് അറിയുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് ടാഗ് ക്ലോണിംഗ് ആണ്. അതായത് നിങ്ങളുടെ ഫാസ്റ്റാഗ് വണ്ടിയുടെ ഗ്ലാസില്‍ ഒട്ടിച്ചു വച്ചത് ആയതിനാല്‍ അത് ഒരു റീഡര്‍ ഉപയോഗിച്ച് പകര്‍ത്ത് ഡൂപ്ലിക്കേറ്റ് കാര്‍ഡ് ഉണ്ടാക്കി മറ്റൊരു വണ്ടിയില്‍ ഉപയോഗിച്ചാല്‍ പണം നിങ്ങളുടെ അക്കൗണ്ടില്‍ നിന്നല്ലേ നഷ്ടപ്പെടുക. ഈ തരത്തിലുള്‌ല തട്ടിപ്പ് വിദേശ രാജ്യങ്ങളില്‍ പരക്കെ ഉണ്ടായിരുന്നു. അത് ഒഴിവാക്കാനായി വാഹന ഉടമയുടേയും വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിന്റെയുമൊക്കെ രേഖകള്‍ ഉറപ്പാക്കി കെ വൈ സിയിലൂടെയാണ് ഫാസ്റ്റാഗുകള്‍ ഇഷ്യൂ ചെയ്യുന്നത്. അതോടൊപ്പം തന്നെ ക്ലോണ്‍ ചെയ്യപ്പെട്ട ഫാസ്റ്റ് ടാഗുകളുടെ ഉപയോഗം തടയാനായി ക്ലോണ്‍ ചെയ്യപ്പെട്ട കാര്‍ഡുകള്‍ വഴി നിശ്ചിത ദൂരപരിധിക്ക് പുറത്തുള്ള ടോള്‍ ബൂത്തുകളില്‍ കാര്‍ഡുകള്‍ ഒരേ സമയം ഉപയോഗിക്കപ്പെടുന്നുണ്ടോ എന്നു കൂടി പരിശോധിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ ടാഗ് ബ്ലോക്ക് ചെയ്യപ്പെടുന്നു. തുടര്‍ന്ന് പരാതികള്‍ ഉണ്ടാകുമ്പൊള്‍ ക്യാമറകളിലെ ദൃശ്യങ്ങളുടെ പ്രശ്‌നപരിഹാരത്തിനായി ഉപയോഗപ്പെടുത്തുന്നു.

ഫാസ്റ്റാഗുകള്‍ നിര്‍ബന്ധമാകുന്നതോടെ അതിനോടനുബന്ധിച്ച് വലിയ തോതിലുള്ള പരാതികളും പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് തീര്‍ച്ചയാണ്. കാരണം നിലവില്‍ വളരെ ചെറിയൊരു ശതമാനം വാഹനങ്ങള്‍ മാത്രമേ ഇത് ഉപയോഗപ്പെടുത്തുന്നുള്ളൂ. ഡിസംബര്‍ ഒന്നാം തീയ്യതി മുതല്‍ നിര്‍ബന്ധമാകുന്നതോടെ ഇന്ത്യ മൊത്തമുള്‌ല എല്ലാ ബൂത്തുകളില്‍ നിന്നുമുള്ള പ്രോസസ്സ് റിക്വസ്റ്റുകള്‍ വരുന്നതോടെ പലയിടത്തും സര്‍വ്വര്‍ തരകരാറുകള്‍ ഉണ്ടാകാനുള്ള വലിയ സാദ്ധ്യതകള്‍ ഉണ്ട്. പൊതുവേ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഇത്തരത്തില്‍ നെറ്റ് വര്‍ക്ക് ട്രാഫിക്കിന്റെയും കമ്പ്യൂട്ടറുകളുടെ ശേഷിയെക്കുറിച്ചുമൊക്കെ വേണ്ട രീതിയില്‍ വിലയിരുത്തലുകള്‍ നടത്താതെ ഇമ്പ്‌ലിമെന്റ് ചെയ്യുന്നതിനാല്‍ തുടക്കത്തിലെ കൂറച്ച് നാളുകള്‍ എങ്കിലും ഫാസ്റ്റാഗ് വഴി ഉണ്ടാകുന്ന ഗതാഗതക്കുരുക്കുകള്‍ ടോള്‍ ബൂത്തുകളില്‍ പ്രതീക്ഷിക്കാവുന്നതാണ്.

ഡിസംബർ ഒന്നാം തീയ്യതി മുതൽ ഇന്ത്യയിൽ ഫാസ്റ്റാഗ് എന്ന ഇലക്ട്രോണിക് ടോൾ പിരിവു സമ്പ്രദായം നിർബന്ധമാക്കിയിരിക്കുകയാണല്ലോ….

Posted by സുജിത് കുമാർ on Sunday, November 24, 2019

DONT MISS