ബിഗ്ബിയുടെ അഭിനന്ദനം; ചായക്കട നടത്തി ഉലകം ചുറ്റും ദമ്പതികൾ ഇനി ദേശീയ ഹീറോകൾ

ചായക്കട നടത്തി ലഭിക്കുന്ന വരുമാനം കൊണ്ട് 16 രാജ്യങ്ങൾ സന്ദർശിച്ച കൊച്ചിക്കാരൻ വിജയൻ ചേട്ടനേയും ഭാര്യയേയും അഭിനന്ദിച്ച് അമിതാഭ് ബച്ചന്റെ ട്വീറ്റ്. ചെറിയൊരു ചായക്കടയിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് ഇത്രയധികം രാജ്യങ്ങൾ ചുറ്റി സഞ്ചരിച്ച്, ഒരു സ്വപ്നമാണ് അവർ സാക്ഷാത്കരിച്ചിരിക്കുന്നതെന്ന് അമിതാഭ് ബച്ചൻ ട്വിറ്ററിലൂടെ പറയുന്നു.
 | 
ബിഗ്ബിയുടെ അഭിനന്ദനം; ചായക്കട നടത്തി ഉലകം ചുറ്റും ദമ്പതികൾ ഇനി ദേശീയ ഹീറോകൾ


കൊച്ചി:
ചായക്കട നടത്തി ലഭിക്കുന്ന വരുമാനം കൊണ്ട് 16 രാജ്യങ്ങൾ സന്ദർശിച്ച കൊച്ചിക്കാരൻ വിജയൻ ചേട്ടനേയും ഭാര്യയേയും അഭിനന്ദിച്ച് അമിതാഭ് ബച്ചന്റെ ട്വീറ്റ്. ചെറിയൊരു ചായക്കടയിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് ഇത്രയധികം രാജ്യങ്ങൾ ചുറ്റി സഞ്ചരിച്ച്, ഒരു സ്വപ്‌നമാണ് അവർ സാക്ഷാത്കരിച്ചിരിക്കുന്നതെന്ന് അമിതാഭ് ബച്ചൻ ട്വിറ്ററിലൂടെ പറയുന്നു. കഴിഞ്ഞ ദിവസമാണ് ദമ്പതികളെ അഭിനന്ദിച്ചുകൊണ്ട് ബിഗ്ബി തന്റെ ട്വിറ്ററിൽ കുറിച്ചത്. രാജ്യം ചുറ്റിയ ദമ്പതികളെക്കുറിച്ച് അമിതാഭ് തന്റെ ഫേസ്ബുക്കിലും വിശദമായി എഴുതിയിരുന്നു.

കൊച്ചി കടവന്ത്രയിൽ കഴിഞ്ഞ കുറേ വർഷമായി ചായക്കട നടത്തുകയാണ് അറുപത്തഞ്ചുകാരനായ വിജയനും ഭാര്യയും. വാർദ്ധക്യം ഭാരമായി തോന്നുന്ന വൃദ്ധജനങ്ങൾ ഇവരുടെ ജീവിതം കണ്ടു പഠിക്കേണ്ടത് തന്നെ. ഇരുവരും ചുറ്റിക്കണ്ടത് പതിനാറ് രാജ്യങ്ങളാണ്. ആരും കാണാൻ കൊതിക്കുന്ന ഈജിപ്ത്യൻ പിരമിഡും സൗത്ത് ആഫ്രിക്ക, ബ്രിട്ടൻ, സ്വിറ്റ്‌സർലണ്ട്, ഫ്രാൻസ്, ഓസ്‌ട്രേലിയ, യുഎഇ തുടങ്ങിയ രാജ്യങ്ങളും ദമ്പതികൾ ചുറ്റിക്കണ്ടു.

ഒരു ചെറിയ ചായക്കടയിലെ വരുമാനം കൊണ്ട് മാത്രം ഇരുവരും എങ്ങനെയാണ് ഇത്രയധികം രാജ്യങ്ങൾ ചുറ്റിക്കാണുന്നതെന്ന് പലർക്കും സംശയമാണ്. അതിനുള്ള ഉത്തരം ഇവർ തന്നെ പറയും. ബാങ്കുകളിൽ നിന്നും വലിയ തുക ലോൺ എടുത്താണ് ഇവരുടെയും യാത്ര. യാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന ഇവർക്ക് പിന്നീട് വിശ്രമമുണ്ടാകില്ല. ചായക്കടയിൽ വീണ്ടും കഠിനമായി അധ്വാനിക്കും. ലോൺ തുക തിരിച്ചടക്കും. ഇതുവരെ നടത്തിയ യാത്രകളുടെയെല്ലാം ലോൺ തുക ഇവർ തിരിച്ചടച്ച് കഴിഞ്ഞു. അടുത്ത യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഈ ദമ്പതികൾ. ബിഗ്ബിയുടെ അഭിനന്ദനം വിജയന്റേയും ഭാര്യയുടേയും യാത്രകൾക്ക് പ്രചോദനമാകുമെന്നത് തീർച്ച.