ഇടുക്കി ഡാമിലെ ഷട്ടറുകള്‍ നേരത്തേ തുറന്ന് ജലനിരപ്പ് കുറയ്ക്കാത്തത് എന്തുകൊണ്ട്? വീഡിയോ കാണാം

കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കിയിലെ വെള്ളം എന്തുകൊണ്ട് തുറന്നു വിടുന്നില്ല എന്നാണ് പലരും ഉയര്ത്തുന്ന സംശയം.
 | 
ഇടുക്കി ഡാമിലെ ഷട്ടറുകള്‍ നേരത്തേ തുറന്ന് ജലനിരപ്പ് കുറയ്ക്കാത്തത് എന്തുകൊണ്ട്? വീഡിയോ കാണാം

ഇടുക്കി: മഴക്കാലം ആരംഭിച്ചതോടെ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും പ്രളയം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് മലയാളികള്‍. കഴിഞ്ഞ പ്രളയങ്ങളില്‍ ഡാമുകള്‍ തുറന്നു വിടേണ്ടി വന്നത് ദുരിതത്തിന് കാരണമായിട്ടുണ്ട്. അതുകൊണ്ടുതന്നെ മഴക്കാലത്തിന്റെ ആരംഭത്തില്‍ ഡാമുകളുടെ ജലനിരപ്പ് കുറയ്ക്കണമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. ചില ഡാമുകളില്‍ ഇതിനായുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കിയിലെ വെള്ളം എന്തുകൊണ്ട് തുറന്നു വിടുന്നില്ല എന്നാണ് പലരും ഉയര്‍ത്തുന്ന സംശയം. ഇതിന് വിശദീകരണവുമായി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഇടുക്കി ജില്ലാ ഭരണകൂടം.

ഇടുക്കി പദ്ധതിയുടെ മൂന്ന് ഡാമുകളില്‍ ചെറുതോണി ഡാമില്‍ മാത്രമാണ് വെള്ളം തുറന്നുവിടാനുള്ള ഷട്ടറുകള്‍ ഉള്ളത്. 5 ഷട്ടറുകളാണ് ചെറുതോണി അണക്കെട്ടിലുള്ളത്. സമുദ്ര നിരപ്പില്‍ നിന്നും 2373 അടി ഉയരത്തിലാണ് ഈ ഷട്ടറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. അതായത് ഈ ഉയരത്തില്‍ വെള്ളം എത്തിയാല്‍ മാത്രമേ വെള്ളം തുറന്നു വിടാന്‍ സാധിക്കൂ. നിലവില്‍ 2338 അടി വെള്ളമാണ് ഡാമിലുള്ളത്. ഇനിയും 35 അടി കൂടി വെള്ളം ഉയര്‍ന്നാല്‍ മാത്രമേ ഷട്ടറുകളില്‍ വെള്ളം എത്തുകയുള്ളു.

മൂലമറ്റം പവര്‍ ഹൗസിലെ 4 ജനറേറ്ററുകള്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ജലനിരപ്പ് കുറഞ്ഞുകൊണ്ടിരിക്കുകയുമാണ്. അതിനാല്‍ ഇടുക്കി ജലാശയത്തിലെ ജലനിരപ്പില്‍ ആശങ്കയ്ക്കുള്ള യാതൊരു സാഹചര്യവും നിലവിലില്ലെന്ന് ജില്ലാ ഭരണകൂടം വിശദീകരിക്കുന്നു.

വീഡിയോ കാണാം

ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടറുകൾ ഇപ്പോൾ ഉയർത്തി ജലം തുറന്നുവിടാത്തത് എന്തുകൊണ്ട്? സംശയങ്ങൾക്കുള്ള മറുപടി.

Posted by Collector Idukki on Sunday, June 7, 2020