മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നു; ബിജെപി സംസ്ഥാന നേതാവിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യയുടെ കുടുംബം

പാലക്കാട് നഗരസഭാ വൈസ് ചെയര്മാനും ബിജെപി സംസ്ഥാന ജനറല് സെക്രട്ടറിയുമായ സി.കൃഷ്ണകുമാറിനെതിരെ ഗുരുതര ആരോപണങ്ങള് ഉന്നയിച്ച് ഭാര്യയുടെ കുടുംബം.
 | 
മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നു; ബിജെപി സംസ്ഥാന നേതാവിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യയുടെ കുടുംബം

പാലക്കാട്: പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാനും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സി.കൃഷ്ണകുമാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഭാര്യയുടെ കുടുംബം. കൃഷ്ണകുമാറിന്റെ ഭാര്യ മിനിയുടെ അമ്മ സി.കെ.വിജയകുമാരിയും സഹോദരി സിനി സേതുമാധവനുമാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. തങ്ങളുടെ സ്വത്ത് തട്ടിയെടുക്കാന്‍ കൃഷ്ണകുമാര്‍ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയാണെന്നും ബിജെപി കൂടി കൈവിട്ടതിനാലാണ് ഇപ്പോള്‍ ഈ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു.

കൃഷ്ണകുമാറിന്റെ ഭാര്യ മിനി കൃഷ്ണകുമാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ്. ഇവര്‍ക്കെതിരെ പ്രചാരണത്തിന് ഇറങ്ങുമെന്നും കൃഷ്ണകുമാറിന്റെ അക്രമവും അഴിമതിയും തുറന്നു കാട്ടുമെന്നും വിജയകുമാരി പറഞ്ഞു. മിനി മത്സരിക്കുന്ന അതേ വാര്‍ഡില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായി ഇവര്‍ മത്സരിക്കുകയാണ്. വിജയകുമാരിയുടെ പേരില്‍ ബാങ്കിലുണ്ടായിരുന്ന 15 ലക്ഷം രൂപ കൃഷ്ണകുമാര്‍ തട്ടിയെടുത്തെന്ന് സിനി ആരോപിച്ചു.

അക്കാര്യം ചോദ്യം ചെയ്ത തന്നെ ഭീഷണിപ്പെടുത്തി. തന്റെ പിതാവ് രോഗബാധിതനായി കിടന്നപ്പോള്‍ തെറ്റിദ്ധരിപ്പിച്ച് ഒപ്പ് വാങ്ങുകയും തങ്ങളെ വീട്ടില്‍ നിന്ന് ഇറക്കി വിടാന്‍ ശ്രമിക്കുകയും ചെയ്തു. നാട്ടുകാര്‍ക്ക് മുന്നില്‍ വെച്ചു പോലും കൃഷ്ണകുമാര്‍ തന്നെ മര്‍ദ്ദിച്ചു. എംബിഎ ബിരുദമുള്ള തനിക്ക് ഒരു സ്ഥാപനവും ജോലി നല്‍കുന്നില്ല. എവിടെയെങ്കിലും ജോലി കിട്ടിയാല്‍ അടുത്ത ദിവസം ഒഴിവാക്കുകയാണ്.

ഈ വിഷയം അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷനെ അറിയിച്ചിരുന്നു. എന്നാല്‍ കുടുംബ പ്രശ്‌നങ്ങള്‍ പാര്‍ട്ടിയിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്തിനാണെന്ന ചോദ്യമായിരുന്നു പ്രതികരണം. ജില്ലയിലെ ബിജെപി ആര്‍എസ്എസ് നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും സിനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.