വിമര്‍ശനങ്ങള്‍ക്ക് മറുപടി; എല്ലാവരേയും ഉള്‍പ്പെടുത്തി മുന്നോട്ട് പോകുമെന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്

മലയാള സിനിമയിലെ സ്ത്രീകള്ക്കായി രൂപീകരിക്കപ്പെട്ട സംഘടനയ്ക്കെതിരെ ഉയര്ന്ന വിമര്ശനങ്ങള്ക്ക് മറുപടിയുമായി നേതൃത്വം. ലിംഗനീതിയിലും ജനാധിപത്യ സംവാദങ്ങളിലും ഇടപെടലുകളിലും വിശ്വസിക്കുന്ന ഏവരും സംഘടനയ്ക്കൊപ്പമുണ്ടാകുമെന്ന് വിമന് ഇന് സിനിമ കളക്ടീവിന്റെ ഫേസ്ബുക്ക് പേജ് വിശദീകരിക്കുന്നു. ഇപ്പോഴും തങ്ങള് പൂര്ണ്ണ സംഘടനാ രൂപത്തിലേക്ക് ആയിട്ടില്ല. സമാനമായ ആശയങ്ങളും ആശങ്കകളും പങ്കുവയ്ക്കുന്ന, പ്രശ്നങ്ങള്ക്ക് ജനാധിപത്യ രീതിയില് പരിഹാരം തേടണമെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം സ്ത്രീകള് പരസ്പരം സംസാരിക്കുകയും ഇത്തരമൊരു കൂട്ടായ്മ രൂപീകരിക്കണം എന്ന ആവശ്യത്തിലേക്ക് എത്തുകയുമായിരുന്നു.
 | 

വിമര്‍ശനങ്ങള്‍ക്ക് മറുപടി; എല്ലാവരേയും ഉള്‍പ്പെടുത്തി മുന്നോട്ട് പോകുമെന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്

തിരുവനന്തപുരം: മലയാള സിനിമയിലെ സ്ത്രീകള്‍ക്കായി രൂപീകരിക്കപ്പെട്ട സംഘടനയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നേതൃത്വം. ലിംഗനീതിയിലും ജനാധിപത്യ സംവാദങ്ങളിലും ഇടപെടലുകളിലും വിശ്വസിക്കുന്ന ഏവരും സംഘടനയ്‌ക്കൊപ്പമുണ്ടാകുമെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഫേസ്ബുക്ക് പേജ് വിശദീകരിക്കുന്നു. ഇപ്പോഴും തങ്ങള്‍ പൂര്‍ണ്ണ സംഘടനാ രൂപത്തിലേക്ക് ആയിട്ടില്ല. സമാനമായ ആശയങ്ങളും ആശങ്കകളും പങ്കുവയ്ക്കുന്ന, പ്രശ്‌നങ്ങള്‍ക്ക് ജനാധിപത്യ രീതിയില്‍ പരിഹാരം തേടണമെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം സ്ത്രീകള്‍ പരസ്പരം സംസാരിക്കുകയും ഇത്തരമൊരു കൂട്ടായ്മ രൂപീകരിക്കണം എന്ന ആവശ്യത്തിലേക്ക് എത്തുകയുമായിരുന്നു.

ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ത്രീകളുമായി ആശയവിനിമയം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ മുഖ്യമന്ത്രിയെ കാണാനും ഞങ്ങളുടെ ചില ആശങ്കകള്‍ അദ്ദേഹത്തെ അറിയിക്കാനും തീരുമാനിച്ചത് സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങളും വിവേചനങ്ങളും ഈ മേഖലയില്‍ ഇടതടവില്ലാതെ സംഭവിക്കുന്നുണ്ട് എന്ന തിരിച്ചറിവിലാണ്. സര്‍ക്കാരിന്റെ സത്വര ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവരികയും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവുകയും ചെയ്യുക അടിയന്തര പ്രാധാന്യമുള്ള സംഗതിയായിരുന്നു.

ഈ കൂട്ടായ്മയുടെ കീഴില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പെയ്ന്‍ അടക്കമുള്ള കാര്യങ്ങള്‍ അധികം താമസിയാതെ തുടങ്ങും.ജനറല്‍ ബോഡി മീറ്റിംഗും കാര്യപരിപാടികള്‍ വിശദീകരിക്കലും തുടര്‍ന്നുണ്ടാകും. ഈ മേഖലയില്‍ ഞങ്ങള്‍ക്ക് മുമ്പേ നടന്നവരെ ചേര്‍ത്തു പിടിച്ചുളള ഒരു നേതൃനിരയും രൂപീകൃതമാകാനിരിക്കുന്നു. സിനിമയുടെ പുതിയൊരു ഭാഷയും സംസ്‌കാരവും സൃഷ്ടിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് എന്നറിയിക്കുന്നതോടൊപ്പം ലിംഗനീതിയിലും ജനാധിപത്യ സംവാദങ്ങളിലും ഇടപെടലുകളിലും വിശ്വസിക്കുന്ന ഏവരും സംഘടനയുടെ സുഹൃദ് സംഘത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പോസ്റ്റ് പറയുന്നു.

സംഘടനയുടെ രൂപീകരണത്തിനു ശേഷം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്കെത്തിയ സംഘത്തില്‍ സാമൂഹിക വിഷയങ്ങളില്‍ നിരന്തരം ഇടപെടുകയും സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്ന ഭാഗ്യലക്ഷ്മി, മാല പാര്‍വതി എന്നിവരുടെ അഭാവം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യഘട്ട ചര്‍ച്ചകളില്‍ താനുണ്ടായിരുന്നുവെന്നും പിന്നീടുള്ള സംഭവങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നുമാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. തങ്ങളെ ഉള്‍പ്പെടുത്താത്തതില്‍ രാഷ്ട്രീയമുണ്ടായിരിക്കാമെന്ന വിമര്‍ശനവും പാര്‍വതിയും ഭാഗ്യലക്ഷ്മിയും ഉന്നയിക്കുകയും ചെയ്തു.

സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചയായ ഈ വിഷയങ്ങളിലാണ് സംഘടന ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി സംഘടനയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. മഞ്ജു വാര്യര്‍, പാര്‍വതി, ബീന പോള്‍, റീമ കല്ലിങ്കല്‍, വിധു വിന്‍സെന്റ്, അഞ്ജലി മേനോന്‍ തുടങ്ങിയവരാണ് ഇപ്പോള്‍ സംഘടനയുടെ തലപ്പത്ത് ഉള്ളത്.