മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ സെക്രട്ടറിയുടെ സദാചാര ആക്രമണം; തിരുവനന്തപുരം പ്രസ് ക്ലബ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉപരോധിച്ചു

വനിതാ മാധ്യമ പ്രവര്ത്തകര് തിരുവനന്തപുരം പ്രസ് ക്ലബ് ഉപരോധിച്ചു.
 | 
മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ സെക്രട്ടറിയുടെ സദാചാര ആക്രമണം; തിരുവനന്തപുരം പ്രസ് ക്ലബ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉപരോധിച്ചു

തിരുവനന്തപുരം: വനിതാ മാധ്യമ പ്രവര്‍ത്തകര്‍ തിരുവനന്തപുരം പ്രസ് ക്ലബ് ഉപരോധിച്ചു. മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ പ്രസ് ക്ലബ് സെക്രട്ടറി നടത്തിയ സദാചാര പോലീസിംഗിനെതിരെയാണ് പ്രതിഷേധം. സെക്രട്ടറി എം. രാധാകൃഷ്ണനെ പുറത്താക്കണമെന്നാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. പ്രസ് ക്ലബ് മാനേജിങ് കമ്മിറ്റി യോഗം നടന്ന മുറിയിലേക്ക് ഇടിച്ചു കയറിയ വനിതകള്‍ രാധാകൃഷ്ണന് ഒരു കുപ്പി ചാണക വെള്ളവും നല്‍കി.

മുറിക്ക് പുറത്ത് മുദ്രാവാക്യം വിളിച്ചും ഇവര്‍ പ്രതിഷേധിച്ചു. രാധാകൃഷ്ണനെതിരെ നടപടിയെടുക്കാമെന്ന് മാനേജിംഗ് കമ്മിറ്റിയില്‍ നിന്ന് ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. നെറ്റ്‌വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ എന്ന സംഘടനയുടെ നേതൃത്വത്തില്‍ സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് നടന്നു വരുന്നത്.

കേരളകൗമുദിയിലെ പ്രൂഫ് റീഡറായ രാധാക്യഷ്ണന്‍ കൗമുദിയില്‍ തന്നെയുള്ള മാധ്യമപ്രവര്‍ത്തകയുടെ വീട്ടിലെത്തിയാണ് സദാചാര ഗുണ്ടായിസം കാട്ടിയത്. മാധ്യമപ്രവര്‍ത്തകയും ഭര്‍ത്താവും സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകയെ അപഹസിച്ചുകൊണ്ട് രാധാകൃഷ്ണന്‍ പ്രസ് ക്ലബ് അംഗങ്ങള്‍്ക്ക് ഇമെയില്‍ അയച്ചു. ഇതോടെ രാധാകൃഷ്ണനെതിരെ പ്രതിഷേധം ശക്തമാകുകയായിരുന്നു.

സംഭവത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് തുറന്ന കത്ത് എഴുതിയിരുന്നു. പ്രസ് ക്ലബ് സെക്രട്ടറിയുടെ ക്രിമിനല്‍ സ്വഭാവം തങ്ങള്‍ക്ക് അരക്ഷിതബോധം ഉണ്ടാക്കുന്നുവെന്നും ജാമ്യമില്ലാ കേസില്‍ എഫ്‌ഐആര്‍ നിലനില്‍ക്കുമ്പോള്‍ ഇരയെ മാനസികമായി തകര്‍ക്കുന്ന അപവാദ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും കത്തില്‍ പറയുന്നു.

കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റി രാധാകൃഷ്ണനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ തിരുവനന്തപുരം പ്രസ് ക്ലബ് സ്വതന്ത്ര സ്ഥാപനമാണ്. ഇതിന്റെ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇയാളെ പുറത്താക്കണമെന്നാണ് മാധ്യമപ്രവര്‍ത്തര്‍ ആവശ്യപ്പെടുന്നത്.