യെമന്‍ പൗരന്റെ കൊല; മലയാളി നഴ്‌സിന്റെ വധശിക്ഷയ്ക്ക് സ്റ്റേ

യെമന് പൗരന് കൊല്ലപ്പെട്ട കേസില് മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് സ്റ്റേ.
 | 
യെമന്‍ പൗരന്റെ കൊല; മലയാളി നഴ്‌സിന്റെ വധശിക്ഷയ്ക്ക് സ്റ്റേ

സനാ: യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് സ്റ്റേ. നിമിഷ പ്രിയ നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു കൊണ്ട് ജുഡീഷ്യല്‍ കൗണ്‍സിലാണ് സ്റ്റേ ഏര്‍പ്പെടുത്തിയത്. അപ്പീലില്‍ തീരുമാനം എടുക്കുന്നത് വരെയാണ് സ്റ്റേ നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് 18നാണ് നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. ഇതിനെതിരെ അവര്‍ യെമനിലെ പരമോന്നത കോടതിയായ ജുഡീഷ്യല്‍ കൗണ്‍സിലിനെ സമീപിക്കുകയായിരുന്നു.

ശിക്ഷ നീട്ടിവെക്കണമെന്നും നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണമെന്നും അപ്പീലിലില്‍ നിമിഷ ആവശ്യപ്പെട്ടു. യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്. നിമിഷ ഇയാളെ കൊലപ്പെടുത്തി 110 കഷണങ്ങളാക്കി വെട്ടിനുറുക്കി താമസസ്ഥലത്തെ വാട്ടര്‍ ടാങ്കില്‍ ഇട്ടുവെന്നാണ് കേസ്. ടാങ്കില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് പ്രദേശവാസികളുടെ പരാതി അനുസരിച്ച് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കണ്ടെത്തുമ്പോള്‍ മൃതദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ടായിരുന്നു. തലാലിന്റെ ഭാര്യയാണ് നിമിഷയെന്നതിന് രേഖകളുണ്ട്. എന്നാല്‍ ക്ലിനിക്ക് തുടങ്ങാന്‍ ലൈസന്‍സിന് വേണ്ടി താല്‍ക്കാലികമായി ഉണ്ടാക്കിയതാണ് ഇതെന്നാണ് നിമിഷ പറഞ്ഞത്. തലാലിന്റെ മരണത്തിന് ശേഷം നിമിഷയെ കാണാതായിരുന്നു. തലാലില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങളെ തുടര്‍ന്നാണ് കൊലപാതകമെന്ന് നിമിഷ ബന്ധുക്കള്‍ക്ക് കത്തയച്ചിരുന്നതായും വിവരമുണ്ട്.

കൊലയ്ക്ക് കൂട്ടുനിന്ന നഴ്സ് ഹനാന്‍ ജീവപരന്ത്യം ശിക്ഷ അനുഭവിക്കുകയാണ്. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് നിമിഷ പ്രിയ. പാലക്കാട് ഭര്‍ത്താവും കുട്ടികളുമുണ്ട്. തലാലിന്റെ കുടുംബത്തിന് ബ്ലഡ് മണി നല്‍കിയാല്‍ വധശിക്ഷയില്‍ നിന്ന് മോചനം ലഭിച്ചേക്കും. ഇതിനായുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.