എഴുത്തുകാരുടെ പ്രതിഷേധം തുടരുന്നു; അരുന്ധതി റോയ് ദേശീയ പുരസ്‌കാരം തിരിച്ചു നല്‍കുന്നു

ബുക്കര് പ്രൈസ് പുരസ്കാര ജേതാവും വിഖ്യാത എഴുത്തുകാരിയും സാമൂഹിക പ്രവര്ത്തകയുമായ അരുന്ധതി റോയ് കേന്ദ്ര സര്ക്കാര് നിലപാടുകളിലും അസഹിഷ്ണുതയിലും പ്രതിഷേധിച്ച് ദേശീയ പുരസ്കാരം തിരിച്ചു നല്കും.
 | 
എഴുത്തുകാരുടെ പ്രതിഷേധം തുടരുന്നു; അരുന്ധതി റോയ് ദേശീയ പുരസ്‌കാരം തിരിച്ചു നല്‍കുന്നു

മുംബൈ: ബുക്കര്‍ പ്രൈസ് പുരസ്‌കാര ജേതാവും വിഖ്യാത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയ് കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളിലും അസഹിഷ്ണുതയിലും പ്രതിഷേധിച്ച് ദേശീയ പുരസ്‌കാരം തിരിച്ചു നല്‍കും. രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയും എഴുത്തുകാരുടേയും യുക്തിവാദികളുടേയും കൊലപാതകവും ദാദ്രി സംഭവവുമെല്ലാം വരാനിരിക്കുന്ന വലിയ ആകുലതകളുടെ സൂചന മാത്രമാണെന്ന് അരുന്ധതി റോയ് പറയുന്നു. മികച്ച തിരക്കഥയ്ക്ക് ലഭിച്ച ദേശീയ പുരസ്‌കാരമാണ് എഴുത്തുകാരി പ്രതിഷേധ സൂചകമായി തിരിച്ചു നല്‍കുക

‘ഗോഡ് ഓഫ് സ്മാള്‍ തിംഗ്‌സ്’ എഴുത്തുകാരിക്ക് 1989ല്‍ ആണ് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരം ‘ഇന്‍ വിച്ച് ആനി ഗീവ്‌സ് ഇറ്റ് ദോസ് വണ്‍സ്’ എന്ന ചിത്രത്തിലൂടെയാണ് അരുന്ധതി റോയിയെ തേടി വന്നത്. പുരസ്‌കാരം പ്രതിഷേധിച്ച് മടക്കി നല്‍കുന്ന കാര്യം ഇന്‍ഡ്യന്‍ എക്‌സ്പ്രസ് പത്രത്തിലെഴുതിയ പ്രത്യേക കോളത്തിലൂടെയാണ് അവര്‍ പ്രഖ്യാപിച്ചത്.

അസഹിഷ്ണുത എന്ന വാക്ക് ഇപ്പോള്‍ രാജ്യത്തെ കാലാവസ്ഥയെ കുറിച്ച് സൂചിപ്പിക്കുന്നതിന് മതിയാവില്ലെന്ന് അരുന്ധതി റോയ് പറയുന്നു. സാഹിത്യ അക്കാദമി അംഗമായ ഒരു എഴുത്തുകാരനും ബീഫ് അസഹിഷ്ണുതയുടെ ഭാഗമായി രണ്ട് പേരുമാണ് കൊല്ലപ്പെട്ടത്. തല്ലി കൊല്ലലും, വെടിവെയ്ക്കലും കത്തിക്കലും സഹജീവികളോടുള്ള നിര്‍ദയ മനോഭാവവും എല്ലാം അസഹിഷ്ണുത എന്ന് മാത്രം പറഞ്ഞ് നിര്‍ത്താനാവില്ലെന്നും അവര്‍ പറയുന്നു. ഇവിടെ ജീവിതമെന്നത് ജീവിച്ച് തീര്‍ക്കുന്നത് നരക തുല്യമായി മാറി കഴിഞ്ഞു. ദശലക്ഷക്കണക്കിന് ദളിതരും ആദിവാസികളും, മുസ്ലീംങ്ങളും ക്രിസ്ത്യാനികളും ഭിതിയില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്, എവിടെ നിന്നാണ് ആക്രമണം ഉണ്ടാവുന്നതെന്ന് അറിയാത്ത അവസ്ഥയിലാണെന്നും അരുന്ധതി റോയ് പറയുന്നു.

അനധികൃത ഗോവധത്തേയും അറക്കലിനെയും കുറിച്ച് പറയുന്ന കൊള്ളക്കാരും പുതിയ ചില ആളുകളും സാങ്കല്‍പിക പശുവിനെ കൊല്ലുകയാണ് നടത്തുന്നത്, ശരിക്കും കൊല്ലപ്പെടുന്ന മനുഷ്യര്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്ത ഒരു രാജ്യത്താണ് ഇപ്പോള്‍ ജീവിക്കേണ്ടി വരുന്നതെന്നും അരുന്ധതി റോയ് കുറ്റപ്പെടുത്തി.