കര്‍ണാടകയിലെ എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി സുപ്രീം കോടതി ശരിവെച്ചു; തെരഞ്ഞെടുപ്പില്‍ മത്സരിക്കാം

കര്ണാടകയില് 17 എംഎല്മാരെ അയോഗ്യരാക്കിയ മുന് സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവെച്ചു.
 | 
കര്‍ണാടകയിലെ എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി സുപ്രീം കോടതി ശരിവെച്ചു; തെരഞ്ഞെടുപ്പില്‍ മത്സരിക്കാം

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ 17 എംഎല്‍മാരെ അയോഗ്യരാക്കിയ മുന്‍ സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവെച്ചു. സ്പീക്കറുടെ നടപടിക്കെതിരെ എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ക്ക് തെരഞ്ഞടുപ്പില്‍ മത്സരിക്കാമെന്നും കോടതി വ്യക്തമാക്കി. അയോഗ്യതയും രാജിയും തമ്മില്‍ ബന്ധമില്ലെന്നും കോടതി പറഞ്ഞു. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യതാ വിഷയം ഭരണഘടനാ ബെഞ്ചിനു കൈമാറണമെന്നാണു മുന്‍ സ്പീക്കര്‍ രമേഷ് കുമാറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചത്. സംസ്ഥാനത്തെ കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിക്ക് കൂട്ടു നിന്നതിനാണ് 17 എംഎല്‍എമാരെ മുന്‍ സ്പീക്കര്‍ രമേഷ് കുമാര്‍ അയോഗ്യരാക്കിയത്.

അടുത്ത സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ലഭിക്കാനാണ് അയോഗ്യരായ എംഎല്‍എമാര്‍ രാജി വെച്ചതെന്നും അദ്ദേഹം വാദിച്ചു. അതേസമയം ഒരു എംഎല്‍എക്ക് രാജിവച്ച് മറ്റൊരു കക്ഷിയില്‍ ചേരാന്‍ പാടില്ലേയെന്ന് കോടതി ചോദിച്ചു. നിലവിലുള്ള നിയമസഭയുടെ കാലാവധി അവസാനിക്കുന്ന 2023 വരെ ഇവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് എങ്ങനെയാണു വിലക്കിയതെന്നും കോടതി ചോദിച്ചിരുന്നു. കൂറുമാറിയ എംഎല്‍എമാരുടെ രാജി യാന്ത്രികമായി പരിഗണിക്കാന്‍ സ്പീക്കര്‍ക്ക് കഴിയുമായിരുന്നില്ലെന്നും സമഗ്രമായാണ് അദ്ദേഹം ഇക്കാര്യം കൈകാര്യം ചെയ്തതെന്നുമാണ് മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിക്കായി ഹാജരായ അഭിഭാഷകന്‍ രാജീവ് ധവാന്‍ വാദിച്ചത്.

അതേസമയം ഈ വിധി ബിജെപിക്കാണ് ഏറ്റവും അനുകൂലമാകുക. 224 അംഗ നിയമസഭയുടെ അംഗബലം ഇതോടെ 207 ആയി കുറയും. 104 വോട്ടാണ് ഭൂരിപക്ഷത്തിന് ആവശ്യമായത്. നിലവില്‍ 105 പേരുടെ പിന്തുണയുമായാണ് ബിജെപി ഭരിക്കുന്നത്.