രാജ്യത്ത് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു; ആകെ രോഗിബാധിതരുടെ എണ്ണം 31 ആയി

കേരളം ഉള്പ്പെടെയുള്ള സംസ്ഥാനങ്ങള് പ്രതിരോധ നടപടിക്രമങ്ങള് ശക്തമാക്കാന് നിര്ദേശമുണ്ട്. രോഗം സ്ഥിരീകരിച്ച 16 ഇറ്റാലിയന് പൗരന്മാരുടെ ചികിത്സ പുരോഗമിക്കുകയാണ്.
 | 
രാജ്യത്ത് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു; ആകെ രോഗിബാധിതരുടെ എണ്ണം 31 ആയി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരാള്‍ക്ക് കൂടി കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. തായ്‌ലന്‍ഡ്, മലേഷ്യ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി രാജ്യത്ത് തിരികെയെത്തിയ വ്യക്തിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളെ ഡല്‍ഹിയിലെ പ്രത്യേകം സജ്ജീകരിച്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

കൊറോണയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ പ്രൈമറി സ്‌കൂളുകള്‍ക്ക് ഒരു മാസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പ്രതിരോധ നടപടിക്രമങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. രോഗം സ്ഥിരീകരിച്ച 16 ഇറ്റാലിയന്‍ പൗരന്മാരുടെ ചികിത്സ പുരോഗമിക്കുകയാണ്. ജെയ്പൂരില്‍ വെച്ച് രോഗം സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരനെ പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധയേറ്റിട്ടില്ല. ഇയാള്‍ താമസിച്ച ഹോട്ടല്‍ ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ആര്‍ക്കും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കൊറോണ ബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.നിലവില്‍ ചൈനയെ കൂടാതെ ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലും കൊറോണ പടര്‍ന്നുപിടിക്കുന്നുണ്ട്. ബഹ്‌റൈന്‍, ഖത്തര്‍, കുവൈറ്റ്, യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് പ്രധാനമായും കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം കേരളത്തിലെ വിവിധ ജില്ലകളിലായി 547 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. 508 പേര്‍ വീടുകളിലും 39 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ചൈന, ഹോങ്കോംഗ്, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ എന്നിവയ്ക്ക് പുറമേ ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടുള്ള ഫ്‌ളൈറ്റുകളിലൂടെ വരുന്ന യാത്രക്കാരെ കൂടി പരിശോധിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.