മോദി നിഷേധിച്ച ഡിറ്റന്‍ഷന്‍ സെന്ററിലെ അന്തേവാസി മരിച്ചു; തടങ്കലില്‍ മരിക്കുന്ന 29-ാമത്തെയാള്‍

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് നിലവിലില്ലെന്ന് അവകാശപ്പെട്ട ഡിറ്റന്ഷന് സെന്ററില് 50കാരന് മരിച്ചു.
 | 
മോദി നിഷേധിച്ച ഡിറ്റന്‍ഷന്‍ സെന്ററിലെ അന്തേവാസി മരിച്ചു; തടങ്കലില്‍ മരിക്കുന്ന 29-ാമത്തെയാള്‍

ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് നിലവിലില്ലെന്ന് അവകാശപ്പെട്ട ഡിറ്റന്‍ഷന്‍ സെന്ററില്‍ 50കാരന്‍ മരിച്ചു. അസം ദേശീയ പൗരത്വ രജിസ്റ്ററില്‍ പൗരത്വം നഷ്ടമായതിനെത്തുടര്‍ന്ന് തടങ്കല്‍ പാളയത്തില്‍ താമിസിപ്പിച്ചിരുന്ന നരേഷ് കൊച്ച് എന്നയാളാണ് മരിച്ചത്. പക്ഷാഘാതത്തെത്തുടര്‍ന്ന് ഗോള്‍പാരയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പൗരത്വം നിഷേധിക്കപ്പെടുന്നവര്‍ക്കായി അസമില്‍ ഒരുക്കിയിരിക്കുന്ന തടങ്കല്‍ പാളയങ്ങളില്‍ മരിക്കുന്ന 29-ാമത്തെ വ്യക്തിയാണ് നരേഷ്.

1964ല്‍ ബംഗ്ലാദേശില്‍ നിന്ന് മേഘാലയിലേക്ക് കുടിയേറിയവരാണ് നരേഷിന്റെ കുടുംബം. ടിനികുനിയ പാരയില്‍ 35 വര്‍ഷമായി ജീവിച്ച് വന്നിരുന്ന നരേഷ് 2018വരെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തിരുന്നു. ഇവിടെ കൂലിപ്പണിയെടുത്താണ് ഇയാള്‍ ജീവിച്ചിരുന്നത്. അസം എന്‍ആര്‍സിയുടെ ഭാഗമായി നടത്തിയ നാല് ഹിയറിംഗുകളിലും ഹാജരാകാത്തതിനെത്തുടര്‍ന്നാണ് ഇയാള്‍ക്ക് പൗരത്വം നഷ്ടമായത്. ഇതേത്തുടര്‍ന്ന് 2018 മാര്‍ച്ചില്‍ ഗോള്‍പാരയിലെ തടങ്കല്‍പാളയത്തിലേക്ക് മാറ്റുകയായിരുന്നു.

ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 2016 മുതല്‍ 2019 ഒക്ടോബര്‍ 13 വരെ അസമിലെ തടങ്കല്‍ പാളയത്തില്‍ നിന്ന് 28 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 988 വിദേശികളെയാണ് ആറ് തടങ്കല്‍ പാളയങ്ങളിലായി താമസിപ്പിച്ചിരിക്കുന്നതെന്ന് 2019 നവംബര്‍ 22ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയെ അറിയിച്ചിരുന്നു.