രാജ്യസഭയിലെ പ്രതിഷേധം; കെ.കെ രാഗേഷ്, എളമരം കരീം എന്നിവരുള്‍പ്പെടെ 8 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

കാര്ഷിക ബില്ലിനെതിരെ രാജ്യസഭയില് പ്രതിഷേധിച്ചതിന് 8 എംപിമാര്ക്ക് സസ്പെന്ഷന്.
 | 
രാജ്യസഭയിലെ പ്രതിഷേധം; കെ.കെ രാഗേഷ്, എളമരം കരീം എന്നിവരുള്‍പ്പെടെ 8 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ രാജ്യസഭയില്‍ പ്രതിഷേധിച്ചതിന് 8 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രതിഷേധം നയിച്ച തൃണമൂല്‍ എംപി ഡെറക് ഒബ്രിയാന്‍, കെ.കെ.രാഗേഷ്, എളമരം കരീം, സെയ്ദ് നാസര്‍ ഹുസൈന്‍, ദോള സെന്‍, റിപ്പുന്‍ ബോര, സഞ്ജയ് സിങ്, രാജു സതാവ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡെറക് ഒബ്രിയാന്‍ രാജ്യസഭാ ഉപാധ്യക്ഷന്റെ ഡയസില്‍ കയറുകയും മൈക്ക് പിടിച്ചു വലിക്കുകയും റൂള്‍ ബുക്ക് കീറി എറിയുകയും ചെയ്തിരുന്നു.

ബിജെപി എംപിമാരുടെ പരാതിയില്‍ സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവാണ് നടപടി എടുത്തത്. ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. സഭയില്‍ നടന്നത് നിര്‍ഭാഗ്യകരമായ കാര്യങ്ങളാണെന്നും ജനാധിപത്യത്തിലെ കറുത്ത ദിനമായിരുന്നു ഞായറാഴ്ചയെന്നുമാണ് വെങ്കയ്യ നായിഡു പറഞ്ഞത്. ഉപാധ്യക്ഷന്‍ ഹരിവംശിനെതിരെ പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നിരുന്നു. ഇത് ചട്ടപ്രകാരം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് അധ്യക്ഷന്‍ തള്ളി. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ പുറത്തു പോകാന്‍ വിസമ്മതിച്ച് പ്രതിഷേധിച്ചതോടെ സഭ 10 മണി വരെ നിര്‍ത്തി വെച്ചിരുന്നു.

കാര്‍ഷിക ബില്ലിന്‍മേലുള്ള ചര്‍ച്ചയിലാണ് ഇന്നലെ സഭയില്‍ വന്‍ പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നത്. ചെറു കക്ഷികളെ കൂട്ടുപിടിച്ച് ബിജെപി ബില്ലുകള്‍ പാസാക്കിയെടുക്കുകയായിരുന്നു. വിവാദ ബില്ലുകള്‍ക്കെതിരെ പല സംസ്ഥാനങ്ങളിലും ശക്തമായ പ്രതിഷേധം നടക്കുകയാണ്.