ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു; അജിത് പവാറിനെതിരായ അഴിമതിക്കേസുകള്‍ അവസാനിപ്പിച്ചു

മഹാരാഷ്ട്രയില് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അജിത് പവാറിനെതിരായ അഴിമതിക്കേസുകള് അവസാനിപ്പിച്ചു.
 | 
ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു; അജിത് പവാറിനെതിരായ അഴിമതിക്കേസുകള്‍ അവസാനിപ്പിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അജിത് പവാറിനെതിരായ അഴിമതിക്കേസുകള്‍ അവസാനിപ്പിച്ചു. കേസില്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന് മഹാരാഷ്ട്ര ആന്റി കറപ്ഷന്‍ ബ്യൂറോ ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചില്‍ റിപ്പോര്‍ട്ട് നല്‍കി. വിദര്‍ഭ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് 70,000 കോടി രൂപയുടെ അഴിമതിക്കേസുകളില്‍ 9 എണ്ണമാണ് അവസാനിപ്പിച്ചിരിക്കുന്നത്.

വിദര്‍ഭ മേഖലകളിലെ വരള്‍ച്ചാ പ്രതിരോധത്തിന് ഡാമുകളും ചെക്ക്ഡാമുകളും നിര്‍മിക്കുന്നതായിരുന്നു പദ്ധതി. 1999 മുതല്‍ 2014 വരെ അജിത് പവാര്‍ ജലസേചന വകുപ്പു മന്ത്രിയായിരുന്ന കാലത്താണ് അഴിമതി നടന്നതായി ആരോപണം ഉയര്‍ന്നിരുന്നത്. എന്നാല്‍ മൂവായിരത്തോളം ടെന്‍ഡറുകളില്‍ ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും ഇന്ന് അവസാനിപ്പിച്ച ഇറിഗേഷന്‍ അഴിമതിക്കേസുകള്‍ അജിത് പവാറുമായി ബന്ധമുള്ളതല്ലെന്നുമാണ് മഹാരാഷ്ട്ര ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ പരംബീര്‍ സിങ് പറയുന്നത്.

മറ്റു നിരവധി കേസുകള്‍ അജിത് പവാറിന് എതിരായുണ്ടെന്നും ഇപ്പോള്‍ ഈ കേസുകളില്‍ അന്വേഷണം അവസാനിപ്പിച്ചാലും ഭാവിയില്‍ തെളിവുകള്‍ ലഭിച്ചാല്‍ പുനഃരന്വേഷണം നടത്തുമെന്നും ബ്യൂറോ വ്യക്തമാക്കി.