ഖുശ്ബൂവിന്റെ പാതയില്‍ വിജയശാന്തിയും! കോണ്‍ഗ്രസ് വിട്ട താരം ബിജെപിയില്‍

കഴിഞ്ഞ ദിവസം കോണ്ഗ്രസില് നിന്ന് രാജിവെച്ച തെലുങ്ക് ആക്ഷന് താരം വിജയശാന്തി ബിജെപി അംഗത്വം സ്വീകരിച്ചു.
 | 
ഖുശ്ബൂവിന്റെ പാതയില്‍ വിജയശാന്തിയും! കോണ്‍ഗ്രസ് വിട്ട താരം ബിജെപിയില്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച തെലുങ്ക് ആക്ഷന്‍ താരം വിജയശാന്തി ബിജെപി അംഗത്വം സ്വീകരിച്ചു. ഡല്‍ഹിയില്‍ വെച്ച് ബിജെപി അംഗത്വം സ്വീകരിച്ച വിജയശാന്തി ഇന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തും. അമിത് ഷായുമായും ഇവര്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

തെന്നിന്ത്യന്‍ സിനിമയില്‍ അമിതാഭ് ബച്ചന്‍ എന്ന് അറിയപ്പെട്ടിരുന്ന വിജയശാന്തി 1998 മുതലാണ് രാഷ്ട്രീയത്തില്‍ സജീവമായത്. ബിജെപിയില്‍ ചേര്‍ന്ന വിജയശാന്തി പിന്നീട് മഹിളാ മോര്‍ച്ച സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1999ല്‍ കഡപ്പ ലോക്‌സഭാ മണ്ഡലത്തില്‍ സോണിയ ഗാന്ധിക്കെതിരെ വിജയശാന്തിയെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കി. സോണിയ പിന്നീട് ബെല്ലാരിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ വിജയശാന്തിയുടെ സ്ഥാനാര്‍ത്ഥിത്വവും പിന്‍വലിക്കപ്പെട്ടിരുന്നു.

പിന്നീട് തല്ലി തെലങ്കാന എന്ന പേരില്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി. 2009ല്‍ ഈ പാര്‍ട്ടി ടിആര്‍എസില്‍ ലയിച്ചു. അതേ വര്‍ഷം മേദക് മണ്ഡലത്തില്‍ നിന്ന് ടിആര്‍എസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അവര്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തെലങ്കാന രൂപീകരണത്തിനായുള്ള സമരത്തില്‍ സജീവമായി ഇടപെട്ട അവര്‍ 2014ല്‍ ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ടിആര്‍എസ് തലവന്‍ കെസിആറുമായുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്നായിരുന്നു ഇത്.

പിന്നീട് രാഹുല്‍ ഗാന്ധി ഇവരെ തെലങ്കാന തെരഞ്ഞെടുപ്പില്‍ പ്രധാന ചുമതലകള്‍ ഏല്‍പിച്ചിരുന്നു. ഇന്നലെയാണ് അമിത് ഷായുടെ സാന്നിധ്യത്തില്‍ ഇവര്‍ കോണ്‍ഗ്രസില്‍ നിന്നുള്ള രാജി പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാവും സിനിമാ താരവുമായിരുന്ന ഖുശ്ബൂ സുന്ദര്‍ ഒക്ടോബറിലാണ് ബിജെപിയിലേക്ക് ചേക്കേറിയത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസ് വിട്ട ഊര്‍മിള മണ്ഡോദ്കര്‍ കഴിഞ്ഞയാഴ്ച ശിവസേനയില്‍ ചേര്‍ന്നിരുന്നു.