റേറ്റിംഗ് തട്ടിപ്പ്; ന്യൂസ് ചാനലുകളുടെ റേറ്റിംഗ് നിര്‍ത്തിവെക്കുകയാണെന്ന് ബാര്‍ക്

ന്യൂസ് ചാനലുകളുടെ റേറ്റിംഗ് നിര്ത്തിവെക്കാന് ഒരുങ്ങി റേറ്റിംഗ് ഏജന്സി ബ്രോഡ്കാസ്റ്റ് ഓഡിയന്സ് റിസര്ച്ച് കൗണ്സില് (ബാര്ക്).
 | 
റേറ്റിംഗ് തട്ടിപ്പ്; ന്യൂസ് ചാനലുകളുടെ റേറ്റിംഗ് നിര്‍ത്തിവെക്കുകയാണെന്ന് ബാര്‍ക്

ന്യൂഡല്‍ഹി: ന്യൂസ് ചാനലുകളുടെ റേറ്റിംഗ് നിര്‍ത്തിവെക്കാന്‍ ഒരുങ്ങി റേറ്റിംഗ് ഏജന്‍സി ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്). റേറ്റിംഗില്‍ റിപബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ തട്ടിപ്പ് നടത്തിയതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നീക്കം. റേറ്റിംഗ് രീതികള്‍ പുനരവലോകനം ചെയ്യുന്നതിനായി മൂന്നു മാസത്തേക്ക് ന്യൂസ് ചാനലുകളുടെ റേറ്റിംഗ് നിര്‍ത്താനാണ് തീരുമാനം. ഇക്കാലയളവില്‍ എല്ലാ ആഴ്ചയിലും പ്രസിദ്ധീകരിക്കുന്ന റേറ്റിംഗുകളില്‍ ന്യൂസ് ചാനലുകളെ വ്യക്തിഗതമായി ഉള്‍പ്പെടുത്തില്ലെന്ന് ബാര്‍ക് പ്രസ്താവനയില്‍ അറിയിച്ചു.

എന്നാല്‍ ഭാഷയുടെയും സംസ്ഥാനത്തിന്റെയും അടിസ്ഥാനത്തില്‍ ന്യൂസ് ചാനലുകള്‍ക്ക് എത്ര ശതമാനം പ്രേക്ഷകരുണ്ടായി എന്നത് സംബന്ധിച്ചുള്ള കണക്കുകള്‍ പുറത്തു വിടും. റേറ്റിംഗ് സംവിധാനത്തിലെ പരിശോധനയും പരീക്ഷണവും അടക്കം നടത്താന്‍ 12 ആഴ്ച വരെ സമയം ആവശ്യമായി വന്നേക്കുമെന്നാണ് ഏജന്‍സി വ്യക്തമാക്കുന്നത്. ബാര്‍കിന്റെ തീരുമാനത്തെ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ സ്വാഗതം ചെയ്തു.

റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ച് പരസ്യദാതാക്കളില്‍ നിന്ന് പണം ഈടാക്കിയതില്‍ അര്‍ണാബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവി അന്വേഷണം നേരിടുകയാണ്. ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നീ ചാനലുകളുടെ മേധാവിമാര്‍ ഈ കേസില്‍ അറസ്റ്റിലായിരുന്നു.