കേന്ദ്രമന്ത്രിയില്‍ നിന്ന് അവാര്‍ഡ് വാങ്ങിയില്ല; വേദിയില്‍ കര്‍ഷകര്‍ക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച് മുതിര്‍ന്ന ശാസ്ത്രജ്ഞന്‍, വീഡിയോ

കര്ഷക സമരത്തിന് വേറിട്ട പിന്തുണ നല്കി മുതിര്ന്ന ശാസ്ത്രജ്ഞന്.
 | 
കേന്ദ്രമന്ത്രിയില്‍ നിന്ന് അവാര്‍ഡ് വാങ്ങിയില്ല; വേദിയില്‍ കര്‍ഷകര്‍ക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച് മുതിര്‍ന്ന ശാസ്ത്രജ്ഞന്‍, വീഡിയോ

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് വേറിട്ട പിന്തുണ നല്‍കി മുതിര്‍ന്ന ശാസ്ത്രജ്ഞന്‍. ലുധിയാനയിലെ പഞ്ചാബ് കാര്‍ഷിക യൂണിവേഴ്‌സിറ്റിയിലെ പ്രിന്‍സിപ്പല്‍ സോയില്‍ കെമിസ്റ്റ് ആയ ഡോ.വരീന്ദര്‍പാല്‍ സിങ് കേന്ദ്രമന്ത്രിയുടെ കയ്യില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കാതെയാണ് പ്രതിഷേധം അറിയിച്ചത്. ഫെര്‍ട്ടിലൈസേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ നല്‍കിയ അവാര്‍ഡ് കേന്ദ്രമന്ത്രി സദാനന്ദ് ഗൗഡയാണ് ഇദ്ദേഹത്തിന് നല്‍കാന്‍ എത്തിയത്. അവാര്‍ഡിനായി പേര് വിളിച്ചപ്പോള്‍ വേദിയില്‍ എത്തിയ ഡോ.വരീന്ദര്‍പാല്‍ പുരസ്‌കാരം നിരസിക്കുകയാണെന്ന് അറിയിച്ചു. കര്‍ഷകര്‍ക്ക് അനുകൂലമായി മുദ്രാവാക്യവും വിളിച്ച ശേഷമാണ് അദ്ദേഹം വേദിയില്‍ നിന്ന് മടങ്ങിയത്.

കാര്‍ഷിക നിയമങ്ങളെ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് എഴുതിയ കത്തും അദ്ദേഹം സംഘാടകരെ ഏല്‍പിച്ചു. കര്‍ഷകര്‍ തെരുവില്‍ സമരം ചെയ്യുമ്പോള്‍ ഈ പുരസ്‌കാരം സ്വീകരിക്കാന്‍ മനഃസാക്ഷി തന്നെ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം വേദിയില്‍ പറഞ്ഞു. ഞങ്ങള്‍ കാര്‍ഷിക മേഖലയില്‍ ചെയ്യുന്ന പ്രവൃത്തികള്‍ കര്‍ഷകര്‍ക്ക് വേണ്ടിയാണ് സമര്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ ഈ പുരസ്‌കാരം ഈ സമയത്ത് സ്വീകരിക്കുന്നത് ശരിയായിരിക്കുമെന്ന് കരുതുന്നില്ല. കാര്‍ഷിക നിയമം പാര്‍ലമെന്റ് എത്രയും വേഗം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിന് അപ്പുറമുള്ള ഏത് തീരുമാനവും രാജ്യത്തെ കര്‍ഷകരെ വഞ്ചിക്കുന്നതിന് തുല്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവാര്‍ഡ് സ്വീകരിക്കണമെന്ന് സംഘാടകര്‍ നിര്‍ബന്ധിച്ചെങ്കിലും അതിന് കൂട്ടാക്കാതെ അദ്ദേഹം സ്‌റ്റേജില്‍ നിന്ന് മടങ്ങുകയായിരുന്നു. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കായികതാരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പുരസ്‌കാരങ്ങള്‍ മടക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് വ്യത്യസ്തമായ ഈ പ്രതിഷേധം അരങ്ങേറിയത്.