അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു; ഫഡ്‌നവിസും രാജിവെച്ചേക്കുമെന്ന് സൂചന

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാര് രാജിവെച്ചു.
 | 
അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു; ഫഡ്‌നവിസും രാജിവെച്ചേക്കുമെന്ന് സൂചന

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാര്‍ രാജിവെച്ചു. നാളെത്തന്നെ സഭയില്‍ വിശ്വാസം തെളിയിക്കണമെന്ന് സുപ്രീം കോടതി വിധിച്ചതിന് പിന്നാലെയാണ് നടപടി. നിലവില്‍ ബിജെപി സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായതിനാലാണ് രാജി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസുമായി രാവിലെ അജിത് പവാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് രാജിക്കാര്യത്തില്‍ തീരുമാനം ഉണ്ടായതെന്നാണ് സൂചന.

സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യം നല്‍കിയ ഹര്‍ജിയിലെ സുപ്രീം കോടതി വിധി ബിജെപി ശക്തമായ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും രാജിക്കൊരുങ്ങുകയാണെന്നാണ് സൂചനകള്‍. 3.30ന് ഫഡ്‌നവിസ് മാധ്യമങ്ങളെ കാണുന്നുണ്ട്. ഇതിന് മുമ്പായി ഗവര്‍ണറെ കണ്ട് രാജി നല്‍കിയേക്കുമെന്നാണ് സൂചന.

അജിത് പവാറിനൊപ്പം ബിജെപിക്ക് പിന്തുണ നല്‍കിയ 11 എന്‍സിപി എംഎല്‍എമാരില്‍ 10 പേരും തിരികെ എന്‍സിപി ക്യാമ്പില്‍ എത്തിയിരുന്നു. അതുകൊണ്ട് കേവല ഭൂരിപക്ഷ സംഖ്യയായ 145 തികയ്ക്കാന്‍ സര്‍ക്കാരിന് കഴിയില്ല. ഈ സാഹചര്യത്തിലാണ് രാജി.