രാജസ്ഥാൻ പാഠപുസ്തകങ്ങളിൽ അക്ബർ തമസ്‌ക്കരിക്കപ്പെട്ടു, റാണാ പ്രതാപ് മഹാനായ ഭരണാധികാരി

രാജസ്ഥാനിൽ ചരിത്രം അടിമുടി മാറ്റിമറിയ്ക്കപ്പെടുകയാണ്. അടുത്ത അധ്യയന വർഷത്തേക്ക് അച്ചടിയ്ക്കപ്പെട്ട പുസ്തകങ്ങളിൽ മഹാനായ അക്ബറില്ല. അക്ബറിനെതിരെ പോരാടിയ റാണാ പ്രതാപ് ആണ് ഇവിടെയിപ്പോൾ പുസ്തകങ്ങളിലെ മഹാൻ.
 | 

രാജസ്ഥാൻ പാഠപുസ്തകങ്ങളിൽ അക്ബർ തമസ്‌ക്കരിക്കപ്പെട്ടു, റാണാ പ്രതാപ് മഹാനായ ഭരണാധികാരി
ജയ്പൂർ: രാജസ്ഥാനിൽ ചരിത്രം അടിമുടി മാറ്റിമറിയ്ക്കപ്പെടുകയാണ്. അടുത്ത അധ്യയന വർഷത്തേക്ക് അച്ചടിയ്ക്കപ്പെട്ട പുസ്തകങ്ങളിൽ മഹാനായ അക്ബറില്ല. അക്ബറിനെതിരെ പോരാടിയ റാണാ പ്രതാപ് ആണ് ഇവിടെയിപ്പോൾ പുസ്തകങ്ങളിലെ മഹാൻ.

ചരിത്രത്തിന്റെ ഈ ഗതിമാറ്റം സംസ്ഥാനത്തെ വിദ്യാഭ്യാസമന്ത്രി വാസുദേവ് ദേവ്‌നാനിയുടെ തലയിലുദിച്ചതാണ്. രാജസ്ഥാൻ സർക്കാരിലെ ആർഎസ്എസ് പ്രതിനിധിയാണ് ഇദ്ദേഹം. ഒരേ കാലഘട്ടത്തിൽ രണ്ട് മഹാൻമാരുണ്ടാകാൻ വഴിയില്ല എന്നാണ് തന്റെ ചരിത്ര ധ്വംസനത്തിന് നൽകുന്ന ന്യായീകരണം. രണ്ട് പേരും ശത്രുക്കളാകുമ്പോൾ പ്രത്യേകിച്ചും.

മെവാറിലെ രജപുത്ര രാജാവായിരുന്നു റാണാ പ്രതാപ്. ഇന്ന് അവിടെയുളളവരിലധികവും രജപുത്രരാണ് എന്നതും ഇതിനോട് ചേർത്ത് വായിക്കണം. അടുത്ത അധ്യയന വർഷത്തിൽ അക്ബറിനെ കുഴിച്ച് മൂടിയതാകും വിദ്യാർത്ഥികൾ പഠിക്കുക. ചരിത്രത്തിലെ മറ്റൊരു രാജാവായി അക്ബറെയും പഠിപ്പിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറയുന്നു.

പുതിയ ചരിത്രപരിഷ്‌ക്കരണത്തിനെതിരെ വിവാദങ്ങൾ ഉയർന്നു കഴിഞ്ഞു. മധ്യകാലഘട്ടത്തിലെ ചരിത്രത്തിനും ഏറെ മാറ്റങ്ങളുണ്ട്. ന്യൂട്ടനെയും പൈതഗോറസിനെയും പിന്തളളി ആര്യഭട്ടയും ഭാസ്‌കരാചാര്യനും പ്രാധാന്യം കൈവരിച്ചിട്ടുണ്ട്. പൂജ്യം കണ്ടുപിടിച്ചതിന് ആര്യഭടന് പ്രാധാന്യം കൊടുക്കുമ്പോൾ ന്യൂട്ടന്റെ തത്വങ്ങളെല്ലാം അഞ്ഞൂറ് വർഷം മുമ്പ് ഭാസ്‌കരാചാര്യൻ പറഞ്ഞെന്നാണ് രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ.

കാവിമേലാളൻമാരെ തൃപ്തിപ്പെടുത്താനാണ് ഇതെല്ലാമെന്നാണ് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ സച്ചിൻ പൈലറ്റ് ആരോപിക്കുന്നത്. ജനുവരി മുതൽ സ്‌കൂളുകളിൽ സൂര്യനമസ്‌കാരം നിർബന്ധിതമാക്കിയതിനെതിരെയുളള പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പുതിയൊരു വിവാദത്തിന് കൂടി സർക്കാർ തിരിതെളിയ്ക്കുന്നത്.