ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു; ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് സിബിഐ കോടതി

ബാബറി മസ്ജിദ് പൊളിച്ച കേസില് എല്ലാ പ്രതികളെയും വെറുതെ വിട്ടു.
 | 
ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു; ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് സിബിഐ കോടതി

ലഖ്‌നൗ: ബാബറി മസ്ജിദ് പൊളിച്ച കേസില്‍ 32 പ്രതികളെയും വെറുതെ വിട്ടു. മസ്ജിദ് പൊളിച്ചത് ആസൂത്രിതമല്ലെന്നും ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നുമാണ് വിധിയില്‍ കോടതിയില്‍ പറയുന്നത്. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവില്ലെന്നും കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയമായെന്നും കോടതി പറഞ്ഞു. തെളിവായി ഹാജരാക്കിയ ഫോട്ടോകളുടെ നെഗറ്റീവുകള്‍ പ്രോസിക്യൂഷന്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും ജനക്കൂട്ടത്തെ തടയാനാണ് ശ്രമിച്ചതെന്നും കോടതി പറഞ്ഞു.

സിബിഐ വാദങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു കൊണ്ടാണ് കോടതിയുടെ വിധി. പള്ളി പൊളിച്ചതില്‍ ഗൂഢാലോചനയുണ്ട് എന്നായിരുന്നു സിബിഐ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. വിധിയില്‍ പ്രധാനമായും 5 കാര്യങ്ങളാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി പദ്ധതിയിട്ടല്ല, പ്രതികള്‍ക്കെതിരെ ആവശ്യമായ തെളിവുകള്‍ ഇല്ല, സിബിഐ സമര്‍പ്പിച്ച ഓഡിയോ, വീഡിയോ തെളിവുകളുടെ ആധികാരികത വ്യക്തമല്ല, പ്രസംഗത്തിന്റെ ശബ്ദരേഖ വ്യക്തമല്ല, പള്ളി മിനാരങ്ങളില്‍ കയറിയവര്‍ സാമൂഹ്യവിരുദ്ധരാണ് എന്നിങ്ങനെയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.

48 പേരായിരുന്നു കേസിലെ പ്രതികള്‍. ഇവരില്‍ 16 പേര്‍ വിചാരണയ്ക്കിടെ മരിച്ചു. ജീവിച്ചിരിക്കുന്ന 32 പ്രതികളില്‍ 26 പേരാണ് കോടതിയില്‍ ഹാജരാക്കിയത്. 28 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പ്രഖ്യാപിക്കുന്നത്.