ഉംപുന്‍ കരതൊട്ടു; കനത്ത മഴയും കടലാക്രമണവും

ബംഗാള് ഉള്ക്കടലില് രൂപപ്പെട്ട ഉംപുന് ചുഴലിക്കാറ്റ് പശ്ചിമബംഗാളില് കരതൊട്ടു.
 | 
ഉംപുന്‍ കരതൊട്ടു; കനത്ത മഴയും കടലാക്രമണവും

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഉംപുന്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളില്‍ കരതൊട്ടു. ഉച്ചയ്ക്ക് 2.30ഓടെയാണ് കാറ്റ് തീരത്തെത്തിയത്. കരയില്‍ നാല് മണിക്കൂറോളം കാറ്റ് ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ 160 മുതല്‍ 170 കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗത. ഇത് 190 കിലോമീറ്റര്‍ വരെയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ബംഗാളില്‍ ശക്തമായ മഴയും കടലാക്രമണവും തുടരുകയാണ്. തിരമാലകള്‍ 5 മീറ്റര്‍ വരെ ഉയര്‍ന്നുവെന്നാണ് വിവരം. ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപുര്‍, വടക്കും തെക്കും 24 പര്‍ഗാനാസ്, ഹൗറ, ഹൂഗ്ലി, കൊല്‍ക്കത്ത ജില്ലകളില്‍ ഉംപുന്‍ ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. ദിഖയില്‍ ശ്ക്തമായ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി.

ഒഡിഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലായി 6 ലക്ഷത്തോളം ആളുകളെയാണ് സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. ബംഗ്ലാദേശില്‍ 20 ലക്ഷത്തിലേറെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ കിഴക്കന്‍ തീരത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി നാവികസേനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വടക്കു കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ രണ്ടാമത്തെ സൂപ്പര്‍ സൈക്ലോണ്‍ ആണ് ഉംപുന്‍.