കണ്ടാൽ പ്ലാസ്റ്റിക് പാവയെപ്പോലെ; പക്ഷേ ഇതൊരു മനുഷ്യക്കുഞ്ഞാണ്

കണ്ടാൽ പ്ലാസ്റ്റിക് പാവയാണെന്ന് തോന്നുമെങ്കിലും ഇതൊരു മനുഷ്യക്കുഞ്ഞാണ്. പഞ്ചാബിലെ അമൃത്സറിൽ കഴിഞ്ഞ ദിവസം ജനിച്ച കുഞ്ഞിനാണ് പ്ലാസ്റ്റിക് പാവയുടേതു പോലെ രൂപ സാദൃശ്യമുള്ളത്.
 | 
കണ്ടാൽ പ്ലാസ്റ്റിക് പാവയെപ്പോലെ; പക്ഷേ ഇതൊരു മനുഷ്യക്കുഞ്ഞാണ്

 

അമൃത്‌സർ: കണ്ടാൽ പ്ലാസ്റ്റിക് പാവയാണെന്ന് തോന്നുമെങ്കിലും ഇതൊരു മനുഷ്യക്കുഞ്ഞാണ്. പഞ്ചാബിലെ അമൃത്‌സറിൽ കഴിഞ്ഞ ദിവസം ജനിച്ച കുഞ്ഞിനാണ് പ്ലാസ്റ്റിക് പാവയുടേതു പോലെ രൂപ സാദൃശ്യമുള്ളത്. പ്ലാസ്റ്റിക് ആവരണം പോലെ രൂപപ്പെട്ടിരിക്കുന്ന ത്വക്കാണ് കുഞ്ഞിന്റെ പ്രത്യേകത. ആറു ലക്ഷത്തിൽ ഒന്നു മാത്രം കാണപ്പെടുന്ന അപൂർവ രോഗാവസ്ഥയാണിത്. കൊളോഡിയോൺ എന്നാണ് ശാസ്ത്രലോകം ഈ രോഗാവസ്ഥയെ വിശേഷിപ്പിക്കുന്നത്.

മീനിന്റേതു പോലെ മുഖമുള്ള കുഞ്ഞിന്റെ കണ്ണുകളും ചുണ്ടുകളും ചുവന്നിരിക്കും. ആരെങ്കിലും ശരീരത്തിൽ സ്പർശിച്ചാൽ കുട്ടി കരയാൻ തുടങ്ങും. കുഞ്ഞിന് അമ്മയുടെ മുലപ്പാൽ കുടിക്കാൻ പോലും സാധിക്കില്ലെന്ന് ഡോക്ടർമാർ പറയുന്നു. ജനിതക വൈകല്യമാണ് ഈ രോഗത്തിനു കാരണമെന്നും ഡോക്ടർമാർ പറയുന്നു. അമൃത്‌സറിലെ ഗുരുനാനാക്ക് ദേവ് മെഡിക്കൽ കോളേജിലാണ് കുട്ടി ഇപ്പോൾ ഉള്ളത്.

സാധാരണ ഗതിയിൽ ഇത്തരം കുഞ്ഞുങ്ങളിൽ ജനിച്ച് 15-30 ദിവസത്തിനുള്ളിൽ ത്വക്ക് സാധാരണ നിലയിലേക്കെത്താറുണ്ട്. എന്നാൽ ചില കേസുകളിൽ ഈ പ്ലാസ്റ്റ് ത്വക്ക് കട്ടിയുള്ള ആവരണമായി അവശേഷിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. അമൃത്‌സറിൽ ജനിക്കുന്ന രണ്ടാമത്തെ പ്ലാസ്റ്റിക് ശിശുവാണ് ഇത്. കഴിഞ്ഞ വർഷം ഇതേ രോഗവുമായി ജനിച്ച കുഞ്ഞ് മൂന്നു ദിവസങ്ങൾക്കുള്ളിൽ മരിച്ചിരുന്നു.